Asianet News MalayalamAsianet News Malayalam

മനുഷ്യജീവൻ അപകടത്തിലാകുമ്പോൾ കണ്ണും കെട്ടിയിരിക്കാനാകില്ല; രണ്ട് പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി

പേട്ടയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തേക്കാൾ, ഇനിയൊരു മനുഷ്യ ജീവനും അപകടത്തിലാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും കോടതി

high court on two people died in electric shock in petta
Author
Kochi, First Published Jun 11, 2019, 5:32 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് രണ്ട് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ നിലപാടറിയിച്ച് സുപ്രീം കോടതി. മനുഷ്യ ജീവൻ അപകടത്തിലാകുമ്പോൾ കോടതിയ്ക്ക് കണ്ണുംകെട്ടിയിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേസ് തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന് വിട്ടു.

തിരുവനന്തപുരം പേട്ടയിൽ വെള്ളക്കെട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയടക്കം രണ്ട് പേർ മരിച്ച സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടൽ. പേട്ടയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനല്ല കോടതി ശ്രമിക്കുന്നത്. 

കാലവർഷം കനത്ത സാഹചര്യത്തിൽ   ഭാവിയിൽ എവിടെയും വൈദ്യുതി ലൈൻ പൊട്ടി വീണ് അപകടം സംഭവിച്ചേക്കാം. ഈ സ്ഥിതി ഗുരുതരമാണ്. ഒരു മനുഷ്യ ജീവനും ഇനി അപകടത്തിലാകരുത് . അതിനാൽ കൃത്യമായ പരിഹാരമാർഗവുമായി കെഎസ്ഇബി മുന്നോട്ട് വരണമെന്ന് സ്വമേധയാ കേസ് എടുത്ത് കൊണ്ട്  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കേസിൽ സംസ്ഥാന സർക്കാർ, കെഎസ്ഇബി എന്നിവരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കോടതി തുടർ നപടികൾക്കായി കേസ് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ തടയാനുള്ള കർമ്മ പദ്ധതി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും  ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് പേട്ടയിൽ ഷോക്കേറ്റ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടമുണ്ടായത്.

വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

ഷോക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ഇബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിയ്ക്കുകയും അടിയന്തരമായി 2 ലക്ഷം രൂപ അനുവദിയ്ക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios