കൊച്ചി: റിമാൻ‍‍ഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. സ്വർണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട  കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എൻഫോൻഴ്സ്മെന്‍റ് കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്. 

ഹർജി ഫയലിൽ സ്വീകരിച്ച കോടതി എൻഫോഴ്‍സ്‍മെന്‍റിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കുമ്പോള്‍ ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.

തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്‍റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് വാദം.