കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സർക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് ഭാര പരിശോധന നടത്താം.

ഭാര പരിശോധനയുടെ ചെലവ് കരാർ കമ്പനിയായ ആര്‍ഡിഎസിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. 

പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്തുന്നതിനെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ഭാര പരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചു. സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താനാകില്ലെന്നാണ് സർക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.