Asianet News MalayalamAsianet News Malayalam

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ്, പൊലീസിനോട് മറുപടി തേടി ഹൈക്കോടതി

ഈ മാസം 20-ന് ഹാജരാകാനാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതീഷ് വിശ്വനാഥനും അപേക്ഷ നൽകി.
 

high court seeks reply from lakshadweep police on sedition case against aisha sulthana
Author
Kochi, First Published Jun 15, 2021, 11:19 AM IST

കൊച്ചി: ഒരു ചാനൽ ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ 'ബയോ വെപ്പൺ' പരാമർശം നടത്തിയെന്നതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹർജി മാറ്റിയത്. ഇതിനിടെ പ്രതീഷ് വിശ്വനാഥൻ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. 

ഈ മാസം 20-ന് ഹാജരാകാനാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം - 124 എ - ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകാനും നിർദേശം നൽകി. 

തന്‍റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും, ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ലെന്നും ഐഷ സുൽത്താന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിനിടെ ലക്ഷദ്വീപിൽ ലോക് ഡൗൺ കഴിയും വരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തിയ അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേൽ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് ഓൺലൈൻ മീറ്റിംഗും വിളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios