Asianet News MalayalamAsianet News Malayalam

കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട്; പുതിയ ഭവനനയം രൂപീകരിക്കുമെന്ന് മന്ത്രി രാജൻ

കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയില്‍ പാവപ്പെട്ടവര്‍ക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും.

Home for all the homeless in Kerala; Minister Rajan says new housing policy will be formulated
Author
Kozhikode, First Published Sep 18, 2021, 7:35 PM IST

കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും കോവൂര്‍ ഇരിങ്ങാടന്‍ പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയില്‍ പാവപ്പെട്ടവര്‍ക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും. കേരളത്തില്‍ ഡിജിറ്റല്‍ സര്‍വ്വേ വേഗത്തില്‍ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താന്‍ കഴിയും. 

ഡിജിറ്റല്‍ സര്‍വേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്തിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേര്‍ സമ്പ്രദായം നടപ്പാകുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ട് എന്നത് കണ്ടെത്താന്‍ എളുപ്പമാകും.  ഇത് വിപ്ലവകരമായ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കുക. കുടിയേറ്റക്കാരും കയ്യേറ്റക്കാരും രണ്ടും വ്യത്യസ്തമാണ്. ഇത് രണ്ടും രണ്ടായി തന്നെയാണ് കാണുന്നത്.  

അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു.  ഫയല്‍ അദാലത്ത് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്നതോടെ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടന്ന ഫയലുകളില്‍ തീരുമാനമാകും.  കേരളത്തിലെ വില്ലേജ് ഓഫീസുകള്‍ മുഴുവനായും ഡിജിറ്റലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വടകരയില്‍ 28 കോടി രൂപ ചെലവില്‍ റവന്യു ടവര്‍ നിര്‍മിക്കുക വഴി സര്‍ക്കാരിന്റെ നിരവധി സേവനങ്ങള്‍ ഒറ്റ ക്കുടക്കീഴിലായി മാറും.  പുതിയ കെട്ടിടങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മെഡിക്കല്‍ കോളജിനടുത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂര്‍ - ഇരിങ്ങാടന്‍ പളളി റോഡിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കുന്ന പാര്‍പ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്. 

നാല് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.ഒരു വര്‍ഷം കൊണ്ട് ക്വാര്‍ട്ടേഴ്‌സ് പണി പൂര്‍ത്തിയാകും. ഫ്‌ളാറ്റുകള്‍ മിതമായ വാടകയില്‍ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരായ 151 വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകക്ക് താമസ സൗകര്യമുള്ള  കെ.എസ്.എച്ച്.ബി വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന് സമീപത്താണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.

ചെലവൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ചാമക്കാലയില്‍ സി.ജയദാസന്‍ 4 സെന്റ് ഭൂമി സൗജന്യമായി സര്‍ക്കാരിന് വിട്ടു നല്‍കിയതിന്റെ സമ്മതപത്രം ചടങ്ങില്‍ മന്ത്രി രാജന്‍ ഏറ്റുവാങ്ങി. നിലവില്‍ വാടക കെട്ടിടത്തിലാണ് ചെലവൂര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  സി.ജയദാസന്റെ പ്രവൃത്തിയെ മന്ത്രി അഭിനന്ദിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശം വഴി ആശംസയര്‍പ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, പിടിഎ റഹിം എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.അജിത, ഹൗസിംഗ് കമ്മീഷണര്‍ എന്‍.ദേവിദാസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios