ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ല, രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പിആര്‍ഒയെ അറിയിച്ചപ്പോള്‍ ബെഡില്ലെന്നായിരുന്നു പിആര്‍ഒയുടെ പ്രതികരണമെന്നും മകള്‍

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച രോഗി മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രോഗിയുടെ മകള്‍. നിയമ നടപടികളിലേക്ക് കടക്കുമെന്ന് മരിച്ചയാളുടെ മകൾ റെനി പറ‌ഞ്ഞു. വെന്റിലേറ്റർ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍എംഒയുടെ വിശദീകരണം റെനി നിഷേധിച്ചു. കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. 

മണിക്കൂറുകളോളം രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയ ശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞു. രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പിആര്‍ഒയെ അറിയിച്ചു, ആവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡില്ലെന്നായിരുന്നു പിആര്‍ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും ജേക്കബ് തോമസിന്റെ മകള്‍ ആരോപിച്ചു. 

മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പിആര്‍ഒയുടെ സമീപനം ഉത്തരവാദപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ പോലും രോഗിയെ നോക്കാന്‍ അയയ്ക്കാന്‍ പോലും പിആര്‍ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിക്കുന്നു. 

എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസ് ഇന്നാണ് മരിച്ചത്. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേ സമയം രോഗി മരിച്ചതിനെത്തുട‍ർന്ന് ആശുപത്രി പിആ‍ർഒയെ ജേക്കബിന്‍റെ ബന്ധുക്കൾ മ‍ർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂ‍ർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടിയെടുക്കാൻ തയ്യാറെടുക്കണമെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാൻസറില്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത സംഭവമുണ്ടായത്. രണ്ട് വിഷയങ്ങളിലും അടിസ്ഥാന സൗകര്യക്കുറവ് തന്നെയാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.