കോഴിക്കോട്: കണ്ണൂരിൽ കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന ഡോക്ടറമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ സ്വകാര്യ ഹോട്ടൽ അധികൃതർ അപമാനിച്ചെന്ന് പരാതി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഹോട്ടലിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നിലയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഡോക്ടർമാർ പറഞ്ഞു. 

കണ്ണൂർ ബീച്ചിലെ മസ്ക്കറ്റ് ഹോട്ടലിൽ നിന്ന് മോശം അനുഭവമുണ്ടടായെന്നാണ് ആരോഗ്യപ്രവർത്തകരുടെ പരാതി. ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങി  പതിനാല് ദിവസം നീരീക്ഷണത്തിൽ കഴിയാനായി ഹോട്ടലിൽ എത്തിയതാണ് സ്ത്രീകളടക്കം ഇരുപത് ആരോഗ്യോപ്രവർത്തകർ.കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഏപ്രിൽ ഒന്നാം തിയതിമുതൽ ഹോട്ടലിൽ സൗകര്യമൊരുക്കിയത്. 

എന്നാൽ ഫാനോ വെന്‍റിലേഷനോ ഇല്ലാത്ത എസി മുറികൾ നോൺ എസി ആക്കി നൽകിയതുൾപ്പെടെ ഹോട്ടലിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് ആരോഗ്യപ്രവർത്തകർ പരാതിപ്പെടുന്നു.  എന്നാൽ ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.വിഷയം ശ്രദ്ധയിൽപ്പെട്ട കള്കടർ ആരോഗ്യപ്രവർത്തകരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി.