മലപ്പുറം: കൊവിഡ്  ബാധിതരുടെ എണ്ണം വലിയ തോതിലുള്ള മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ല. ബാക്കി ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കും. വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വിൽപ്പന നിരോധിക്കണമെന്നും ഹോട്ടൽ ആന്‍റ് റസ്‍റ്ററന്‍റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ഒരു വാതിലിൽ കൂടി കയറ്റി മറ്റൊരു വാതിലിലൂടെ കടത്തണമെന്ന നിർദ്ദേശം പലയിടത്തും അപ്രായോഗികമാണെന്നും ഹോട്ടൽ ആന്‍റ് റസ്‍റ്ററന്‍റ് അസോസിയേഷന്‍ പറഞ്ഞു. 

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ തുറക്കാൻ അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റില്‍ മാത്രം ആളുകളെ ഇരുത്തുകയും ആറ് അടി അകലം പാലിക്കുകയും വേണം. ഇത് വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വലിയൊരു വിഭാഗം ഹോട്ടല്‍ ഉടമകളും പറയുന്നത്. പാഴ്‍സല്‍ സര്‍വ്വീസ് മാത്രമാക്കി തുടരാനാണ് പലരുടേയും തീരുമാനം. പ്രവേശന കവാടത്തില്‍ താപനില പരിശോധന, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കല്‍, ഹോട്ടലുകളില്‍ കൊവിഡ് ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങി നിരവധി നിബന്ധനകളുണ്ട്.