ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ട‍ർമാരെ കൊവിഡ‍് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവർക്ക് 42000 രൂപ വച്ച് പ്രതിമാസ വേതനം നൽകാൻ 13. 33 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കപ്പെട്ട ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ട‍ർമാര്‍ക്ക് ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരവുമായി സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ക്ക് പ്രതിമാസ വേതനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ 13.33 കോടി രൂപ അനുവദിച്ചു

ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ട‍ർമാരെ കൊവിഡ‍് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവർക്ക് 42000 രൂപ വച്ച് പ്രതിമാസ വേതനം നൽകാൻ 13. 33 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് കണക്കുകള്‍ അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ ശമ്പളവും ആനുകൂല്യവും നല്‍കാത്തതിനാല്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ട‍ർമാര്‍ സമരത്തിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ കാര്യം കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസ‍ർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.