പതിനൊന്നാം ദിവസവും തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടർന്ന് ഇന്ധനവില കുതിച്ചുയരുകയാണ്. ഈ സംഘർഷം നീണ്ടുപോയാൽ ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഒരു തരത്തിലും അയയാതെ, പതിനൊന്നാം ദിവസവും അതേപടി തന്നെ തുടരുകയാണ് പശ്ചിമേഷ്യൻ യുദ്ധം. ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ലോകം കേട്ടത്. എന്നാൽ ഈ അവകാശവാദത്തിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിഞ്ഞു. യുദ്ധത്തിന്റെ അവസാനം തങ്ങൾ നിർണയിക്കുമെന്നാണ് ഇറാൻ റവല്യൂഷനറി ഗാർഡ് തിരിച്ചടിച്ചിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐആ‍ർജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകൾക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ തറപ്പിച്ച് പറയുന്നത്

യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ലോകമെമ്പാടും ആശങ്ക ഉയരുകയാണ്. ഈ സംഘർഷം ഇനിയും നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവില കുത്തനെ ഉയരുമെന്നും ഇത് ആഗോള സാമ്പത്തിക വളർച്ചയിലും, സാധനങ്ങളുടെ വിലയിലും പ്രകടമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം ഒരു ഘട്ടത്തിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് വരെ ഉ‌യർന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. കൊവിഡിന് ശേഷം വരുന്ന ഏറ്റവും ഉയ‍‌ർന്ന നിരക്കായിരുന്നു ഇത്. സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം പ്രധാനമായും ആശ്രയിക്കുന്നത് യുദ്ധം എത്രകാലം നീളും എന്നതിലാണ്. ഇപ്പോൾ തന്നെ ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന എണ്ണ- വാതക കപ്പൽഗതാഗതം തടസപ്പെടുന്ന സാഹചര്യമാണ്. ലോകത്തെ വലിയൊരു വിഹിതം എണ്ണവിതരണം ഈ കടലിടുക്കിലൂടെ നടക്കുന്നതിനാൽ തടസ്സം നീണ്ടുനിൽക്കുകയാണെങ്കിൽ വിപണികൾക്ക് വലിയ ആഘാതമുണ്ടാകും. എണ്ണവില ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമേൽപ്പിക്കുമെന്നതിൽ ത‌‍ർക്കമില്ല.

അമേരിക്കയെയും യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോ‍‌ർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ദ‍‌ർ പറയുന്നത്. ഓഹരി വിപണയിലും കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഇത് തിരിച്ചു കയറുകയാണുണ്ടായത്.

ഇനി അമേരിക്കയുടെ മുന്നിലുള്ള അടുത്ത വലിയ ഭീഷണി സാമ്പത്തിക മാന്ദ്യമാണ്. എണ്ണവില 100 ഡോളറിന് മുകളിലായി തുടർന്നാൽ ഉപഭോ​ഗം കുറയുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ആഗോള പണപ്പെരുപ്പ് ഏകദേശം 2 ശതമാനം വരെ കൂടുതലാകാമെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയിൽ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലെത്താനും സാധ്യതയുണ്ടെന്നും യുഎസ് സാമ്പത്തിക വളർച്ച 2026ൽ 1.6 ശതമാനമായി താഴാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങളടക്കം സാമ്പത്തിക വിദ​ഗ്ദരെ ഉദ്ധരിച്ച് റിപ്പോ‌ർട്ട് ചെയ്യുന്നു.

അതേ സമയം, എണ്ണവില ഉയരുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. 47 വർഷമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യത്തിൽ വരാവുന്ന ഒരു ചെറിയ ഇടവേള മാത്രമാണ് ഇത്. ഇത് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്ന ഒരു പ്രസിഡന്റ് മുമ്പ് ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്കായി നൽകുന്ന ഒരു “ചെറിയ വില” മാത്രമാണ് ഇതെന്നാണ് ഈ വിഷയത്തിൽ ട്രംപിന്റെ നിലപാട്. എന്നാൽ, എല്ലാ യുദ്ധത്തെയും പോലെ വില ഉയർന്നാൽ അതിന്റെ ഏറ്റവും വലിയ ആഘാതമേൽക്കുക കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് മേലായിരിക്കുമെന്നതിൽ സംശയമില്ല. യുദ്ധം ഉടൻ അവസാനിച്ചാൽ ഇപ്പോഴുള്ള ഈ ചെറിയ പ്രതിസന്ധികൾ വലിയ സാമ്പത്തിക ആഘാതമേൽപ്പിക്കാതെ കടന്ന് പോകും. എന്നാൽ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ആഗോള സാമ്പത്തിക രംഗത്തെ അടുത്ത വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധ‌ർ മുന്നറിയിപ്പ് നൽകുന്നത്.