രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവേദികളിലെല്ലാം പതിവ് പരിഭാഷകയാണിപ്പോള്‍ ജ്യോതി വിജയകുമാര്‍. രാഹുല്‍ഗാന്ധി മടങ്ങുന്ന വേദികളില്‍ പിന്നെ ആള്‍ക്കൂട്ടം പൊതിയുന്നതും ജ്യോതിയെയാണ്. 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളുടെ പരിഭാഷയിലൂടെ സംസ്ഥാനമെമ്പാടുമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യടി നേടുകയാണ് കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാർ. ജ്യോതിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം സൈബര്‍ ലോകത്തടക്കം കോണ്‍ഗ്രസ് അണികള്‍ ഉയര്‍ത്തുന്നുണ്ട്. ചര്‍ച്ചകൾ ഒരുവഴിക്ക് നടക്കുമ്പോൾ തീപ്പൊരി പരിഭാഷക പക്ഷേ സ്ഥാനാർത്ഥിത്വത്തെപ്പറ്റി മൗനം പാലിക്കുകയാണ്.

രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവേദികളിലെല്ലാം പതിവ് പരിഭാഷകയാണിപ്പോള്‍ ജ്യോതി വിജയകുമാര്‍. രാഹുല്‍ഗാന്ധി മടങ്ങുന്ന വേദികളില്‍ പിന്നെ ആള്‍ക്കൂട്ടം പൊതിയുന്നതും ജ്യോതിയെയാണ്. നേതാവിന്‍റെ പ്രസംഗം ഉള്‍ക്കാമ്പു ചോരാതെ പരിഭാഷപ്പെടുത്താനുളള മികവ് ചെല്ലുന്നിടത്തെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയടി നേടിക്കൊടുക്കുന്നുണ്ട് ഈ കെപിസിസി സെക്രട്ടറിയ്ക്ക്.

പ്രവര്‍ത്തകരില്‍ പലരും നേരിട്ടും നവമാധ്യമങ്ങളിലൂടെയുമെല്ലാം ജ്യോതിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. പക്ഷേ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ പോലുമില്ലെന്ന നിലപാടിലാണ് ജ്യോതി. ചോദ്യങ്ങളില്‍ നിന്ന് ജ്യോതി ഒഴിഞ്ഞു മാറുകയാണെങ്കിലും ചെങ്ങന്നൂരും,വട്ടിയൂര്‍ക്കാവും ഉള്‍പ്പെടെ പല പ്രധാന മണ്ഡലങ്ങളിലേക്കും ജ്യോതിയെ മല്‍സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സജീവ പരിഗണനയിലാണ്.നേരത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ജ്യോതിയെ സ്ഥാനാര്‍ഥിയാക്കാനുളള ആലോചന കോണ്‍ഗ്രസില്‍ നടന്നിരുന്നു.