തിരുവനന്തപുരം:  ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ  മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിൾ എടുക്കാത്ത  പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ശ്രീറാമിനെ  രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു . 

സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം  സിറ്റി പൊലീസ് കമ്മീഷണറും ഉടൻ അന്വേഷണം നടത്തണം. പത്തു വസത്തിനകം ഇരുവരും റിപ്പോർട്ട് നൽകണം. മ്യൂസിയം പൊലീസാണ് ഗുരുതര വീഴ്ച വരുത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം  ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ഉണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. 

മ്യൂസിയം പൊലീസിന്റെ ഇടപെടൽ വഴി ഉന്നത  ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി പരാതിയിൽ പറയുന്നു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പരാതി നൽകിയത്.