തിരുവനന്തപുരം: അപകടമുണ്ടാക്കിയ ശേഷം നിർത്താതെ കടന്നുകളയുന്ന  വാഹന ഉടമകളെ  ആധുനിക വാർത്താ വിനിമയ സൗകര്യങ്ങളുടെ സഹായത്തോടെ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഈ ആവശ്യം അടിയന്തരമായി  പരിശോധിച്ച് ചീഫ് സെക്രട്ടറി , ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

നാലാഴ്ചയ്ക്കകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി സി പി നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. അപകടത്തിൽ മുറിവേറ്റ വ്യക്തിയെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കേണ്ട ബാധ്യത അപകടമുണ്ടാക്കിയ വ്യക്തിക്കുണ്ടെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് ശിക്ഷാർഹമായ നിയമലംഘനമാണെന്നും പരാതിയിൽ പറയുന്നു.

ഇടിച്ച വാഹനം ഓടിച്ച വ്യക്തി കടന്നുകളയുന്നതോടെ നഷ്ടപരിഹാരം പോലും ലഭിക്കാത്ത നിസഹായവസ്ഥയിലാണ് ഇരകൾ എത്തിച്ചേരുന്നതെന്നും പരാതിയിൽ പറയുന്നു. വാഹനം പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർ ഉദാസീനത കാണിക്കുന്നു. സാങ്കേതിക വിദഗ്ദധരുമായി കൂടിയാലോചന  നടത്തി ഫലപ്രദമായ നടപടി സ്വീകരിക്കണക്കണമെന്നാണ്  ആവശ്യം. റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ അനന്തര നടപടികൾ സ്വീകരിക്കും.