തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാളെ (25.11.20) പുറപ്പെടേണ്ട ട്രെയിനുകൾ റദ്ദാക്കി. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി സ്പെഷ്യൽ, ചെന്നൈ-കൊല്ലം അനന്തപുരി സ്പെഷ്യൽ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം - ചെന്നൈ എഗ്മോർ, ചെന്നൈ-കൊല്ലം എഗ്മോർ എന്നീ സ്പെഷ്യൽ ട്രെയിനുകൾ  പൂർണമായും റദ്ദ് ചെയ്തു.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി.  വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഒമ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. 

തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാൻ ദിശയിൽ സഞ്ചരിക്കുന്ന നിവാർ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. 

മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ ക്യാമ്പുകൾ തുറന്നു. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടുതൽ അംഗങ്ങളെ തീരമേഖലയിൽ വിന്യസിച്ചു.