സ്വത്ത് തർക്കം ആണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

മലപ്പുറം: പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

 സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേല്‍പ്പിച്ചത്. ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകൻ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീൻ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ല. കൊളത്തൂർ പൊലീസ് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്