കോക്രോച്ച് ജനത പാർട്ടി കേവലമൊരു ട്രോളല്ലെന്നും പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ പ്രതിഷേധമാണെന്നും ബിനീഷ് കോടിയേരി. മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുത്ത ഒരു തലമുറയുടെ പുതിയ രാഷ്ട്രീയ ആവശ്യമാണിതെന്നും, 'Am also a cockroach' എന്ന് പ്രഖ്യാപിച്ച് താനും ഈ കൂട്ടായ്മയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: രാജ്യത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന കോക്രോച്ച് ജനത പാർട്ടി കേവലമൊരു ട്രോളോ തമാശയോ അല്ലെന്നും പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ കോപവും വലിയൊരു പ്രതിഷേധവുമാണെന്ന് ബിനീഷ് കോടിയേരി. സിപിഎം മുൻ സെക്രട്ടറിയുടെ മകൻ കൂടിയായ ബിനീഷ് കോടിയേരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ കൂട്ടായ്മയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുത്ത ഒരു തലമുറയുടെ പുതിയ രാഷ്ട്രീയ ആവശ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ ഇന്ത്യയിൽ ജോലി ചോദിച്ചാൽ പരിഹാസവും ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹി മുദ്രയുമാണ് ലഭിക്കുന്നതെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർക്ക് അധികാരപദവികൾ നൽകരുത്, സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം, മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകരുത്, ജനപ്രതിനിധികളായി ജയിച്ച ശേഷം പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികൾക്ക് 20 വർഷത്തേക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം നൽകരുത് തുടങ്ങിയ ആവശ്യങ്ങൾ വെറുമൊരു സാധാരണ സംഗതിയല്ല, മറിച്ച് പുതിയ തലമുറയുടെ രാഷ്ട്രീയ ബോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മിനിറ്റുകൾക്കകം ആയിരക്കണക്കിന് ആളുകൾ വന്നുചേരുന്ന ഈ വലിയ കൂട്ടായ്മ ജൻ സികൾക്ക് എത്രമാത്രം രാഷ്ട്രീയമുണ്ടെന്നും അവർ എത്ര കൃത്യതയോടെയാണ് സമൂഹത്തെ കാണുന്നതെന്നും തെളിയിക്കുന്നു. ഈ കൂട്ടായ്മയുടെ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ഇതിനെ അടിച്ചമർത്താനാണ് നിലവിൽ ശ്രമിക്കുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എല്ലാം തന്നെ ബാൻ ചെയ്യുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ എത്രയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഓരോ തവണയും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന കൃത്യമായ പ്രഖ്യാപനമാണ് ഈ കൂട്ടായ്മയുടെ ഭാഗമായി നിൽക്കുന്നവർ നൽകുന്നത്.
അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന കോക്രോച്ചിനെപ്പോലെ ഈ തലമുറയും കൂടുതൽ വ്യക്തതയോടെ തിരിച്ചുവരും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടയ്ക്കാമെങ്കിലും ചോദ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല. രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല. ചോദ്യം ചെയ്യുന്ന യുവത്വം ഒരു ഭീഷണിയല്ല, മറിച്ച് പ്രതീക്ഷയാണെന്ന് വ്യക്തമാക്കിയ ബിനീഷ് കോടിയേരി, 'Am also a cockroach' എന്നത് നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും താനുമൊരു കോക്രോച്ചാണെന്നും പറഞ്ഞാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


