തിരുവനന്തപുരം: യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകിയെന്ന സന്തോഷ് ഈപ്പന്‍റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല നിയമ നടപടിക്ക്. ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്. ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. നിശ്ചിത സമയപരിധിക്കകത്ത് പരാമര്‍ശം ഒഴിവാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ തന്നെ നേരിട്ട് സമീപിക്കാനും പ്രതിപക്ഷ നേതാവിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. 

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐ ഫോൺ സമ്മാനമായി നൽകിയെന്ന ആരോപണം തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് തള്ളിയിരുന്നു. മാത്രമല്ല ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐ ഫോണുകൾ എവിടെ എന്ന് കണ്ടെത്താൻ പൊലീസിനെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമെ ഫോൺ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനാകു എന്ന നിലപാടാണ് പൊലീസിനുള്ളത്. ഐ ഫോണുകൾ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും രമേശ് ചെന്നിത്തല തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിക്കും