സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധമെന്ന് യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് എതിരെ കുടുംബം. സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധമെന്ന് യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളുടെ മരണത്തിന് കാരണം സുകാന്ത് തന്നെയെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിനുണ്ടെന്നും എന്നാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ ചില ഉന്നതർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കുസമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ ഇറങ്ങിയ പെണ്‍കുട്ടി ചാക്കയ്ക്ക് സമീപം ട്രെയിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു സുകാന്തുമായുള്ള പ്രണയ ബന്ധം തകർന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയ പൊലീസ് സുകാന്തിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നും കണ്ടെത്തിയതോടെ പീഡിപ്പിച്ചതിനും കേസെടുത്തു. ഒളിവിൽ പോയ സുകാന്തിനെ ഇതേവരെ കണ്ടെത്തിയിട്ടില്ല. സുകാന്തിന്‍റെ അമ്മാവന്‍റെ ചാവക്കാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ സുകാന്തിന്‍റെ ഐ ഫോണ്‍ കണ്ടെത്തിയിരുന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് സുകാന്ത് താമസിച്ചത് അമ്മാവന്‍റെ വീട്ടിലാണ്. ഈ ഫോണിലുണ്ടായിരുന്ന ടെലഗ്രാം അക്കൗണ്ടിൽ നിന്ന് നിർണായകമായ ചാറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 9ന് നടത്തിയ അവസാന ചാറ്റാണ് കേസില്‍ നിർണ്ണായകമായത്. പല തവണ പെണ്‍കുട്ടിയോട് ചാകാൻ സുകാന്ത് പറയുന്നുണ്ട്. 

ഇക്കാര്യം ആവർത്തിക്കുമ്പോള്‍ ഞാൻ മരിക്കാം എന്ന് ഒടുവിൽ പെണ്‍കുട്ടി മറുപടി നൽകുന്നു. എന്ന് മരിക്കുമെന്നാണ് അടുത്ത ചോദ്യം. ആഗസ്റ്റ് 9ന് മരിക്കുമെന്നാണ് മറുപടി, ഇതിന് ശേഷം വാട്സ്ആപ്പിലും ഇവരുടെ ചാറ്റുകളുണ്ട്. ഇതേ തുടർന്നാണ് മാർച്ചിൽ പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് പൊലീസ് നിഗമനം. വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടാണ് സുകാന്ത് ഒളിവിൽ പോയത്. ഇത് വീണ്ടെടുക്കാൻ സൈബർ ഫോറൻസികിന്‍റെ സഹായത്തോടെ പൊലിസ് ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ലഭിച്ച ചാറ്റുകൾ ആത്മഹത്യ പ്രേരണകുറ്റത്തിനുള്ള നിർണായ തെളിവുകളാണെന്ന് പൊലീസ് പറയുന്നു. ഈ തെളിവുകള്‍ ഹൈക്കോടതിയിൽ ഹാജരാക്കി. സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് തെളിവുകള്‍ പൊലിസ് നിരത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം