Asianet News MalayalamAsianet News Malayalam

ഐസിയുവും വെന്‍റിലേറ്ററുകളും തികയുമോ? കൊവിഡ് വ്യാപനത്തിൽ ആശങ്കയിൽ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളിൽ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെൻറിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്. 

icu bed and ventilator kerala covid spread
Author
Thiruvananthapuram, First Published Apr 13, 2021, 7:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതൽ രോഗികള്‍ ഉള്ളത്. 

സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളിൽ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെൻറിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്. കൊവിഡ് രോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ഐസിയു വെൻറിലേറ്റര്‍ സംവിധാനം മാറ്റി വയ്ക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. നിലവിലെ രീതിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ശക്തമായി തുടര്‍ന്നാൽ എല്ലാം താളം തെറ്റും.

നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 1,515 ഐസിയു കിടക്കകളില്‍ 111 എണ്ണത്തില്‍ കൊവിഡ് രോഗികളാണ്. 570 വെന്‍റിലേറ്ററില്‍ 31 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്. 

തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി മരണസഖ്യയും കൂടുകയാണ്. കൊവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 892പേരാണ് രോഗം ബാധിച്ച് മരിച്ചത്. പോസിറ്റീവായ ആയിരം രോഗികളില്‍ 8 പേര്‍ക്കാണ് മരണം സംഭവിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. വയോജനങ്ങളുടെ എണ്ണം കൂടിയതും മൃതദേഹങ്ങളിലെ കൊവിഡ് പരിശോധന കര്‍ശനമാക്കിയതുമാണ് നിരക്ക് ഉയരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളുകയാണ് ആരോഗ്യ വിദഗ്ധര്‍. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കൊവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് രോഗികൾക്ക് മാത്രമായി പഴയപോലെ ചില ആശുപത്രികള്‍ പരിമിതപ്പെടുത്തുന്നതും സജീവ പരിഗണനയിലുണ്ട്. 

Follow Us:
Download App:
  • android
  • ios