ഇടുക്കി: തിരുവോണനാളിൽ ഇടുക്കി ചേമ്പളത്ത് കുട്ടികളെ അടക്കം ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാ സംഘമെന്ന് പരാതി. പൊലീസിൽ പരാതിപ്പെട്ടതിന് ഫോണിലൂടെ ബ്രാഞ്ച് സെക്രട്ടറി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മേഖലയിൽ മൂന്ന് വർഷമായി തുടരുന്ന ഇവരുടെ അതിക്രമങ്ങളിൽ നാട്ടുകാരെല്ലാം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

യുവാവിനെ അകാരണമായി മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് സമീപമുള്ള വീട്ടിലെ എട്ടുവയസ്സുകാരിയുൾപ്പടെയുള്ള നാലംഗ കുടുംബത്തെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകൾ മർദ്ദിച്ചത്. ഇതേ അക്രമി സംഘം അന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ള വേറൊരു കുടുംബത്തേയും ആക്രമിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് അക്രമികൾ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസിയുടെ അനുയായികളുമാണെന്ന് ബോധ്യമായത്.

ഇരുകുടുംബങ്ങളും നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി ഇവരെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ പേരിൽ കേസുകൊടുത്തത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് ജോസി പറയുന്നത്. എന്നാൽ, ജോസിയുടെ നേതൃത്വത്തിലുള്ള ഈ സംഘം കഴിഞ്ഞ കുറേ കാലമായി ചേമ്പളത്ത് പ്രശ്നമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ പേരെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് നെടുങ്കണ്ടം പൊലീസ് പറയുന്നത്.