കുമളി: അതിർത്തി കടക്കാനുള്ള പാസ് യഥേഷ്ടം അനുവദിക്കാൻ തുടങ്ങിയതോടെ ഇടുക്കിയിൽ കൊവിഡ് നിരീക്ഷണം പാളിയെന്ന് പരാതി. വീട്ടു നിരീക്ഷണത്തിൽ പോകാതെ തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ അന്നേ ദിവസം തന്നെ ജോലിക്കിറങ്ങുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്നടക്കമുള്ളവർ ഇക്കൂട്ടത്തിലുള്ളതിനാൽ, സാമൂഹിക വ്യാപനത്തിന്റെ ആശങ്കയിലാണ് കുമളിയിലെ ജനങ്ങൾ.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശമനുസരിച്ച് പാസിന് അപേക്ഷിക്കുന്നവർക്ക് ആ നിമിഷം തന്നെ അനുമതി നൽകുകയാണിപ്പോൾ. ഇത് പ്രയോജനപ്പെടുത്തി കുമളി ചെക്ക്പോസ്റ്റ് വഴി ഒരാഴ്ചക്കിടെ അയ്യായിരത്തോളം പേരാണ് കേരളത്തിലെത്തിയത്. ഇക്കൂട്ടത്തിൽ റെഡ്സോണിൽ നിന്നടക്കമുള്ളവരുണ്ട്.

ക്വാറന്റീൻ ലംഘനത്തെക്കുറിച്ചുള്ള പരാതികൾ ഉണ്ടെന്ന് ജില്ലാ കളക്ടർ തന്നെ സമ്മതിക്കുന്നു. പാസ് യഥേഷ്ടം അനുവദിക്കാൻ തുടങ്ങിയത് ഇടുക്കിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. മുൻപ് ഒന്നോ രണ്ടോ കേസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മിക്കദിവസങ്ങളിലും പത്തിന് മുകളിലാണ് കൊവിഡ് രോഗികൾ.