Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ പട്ടയം; ജില്ലാ ഭരണകൂടത്തിന് വക്കീൽ നോട്ടീസ്, പിന്നില്‍ കപട പരിസ്ഥിതിവാദികളെന്ന് നാട്ടുകാര്‍

കഞ്ഞിക്കുഴി, തട്ടേക്കണ്ണി തുടങ്ങിയ മേഖലകളിലെ 2000ത്തിലധികം പേർക്ക് അടുത്തിടെ റവന്യൂ വകുപ്പ് പട്ടയം അനുവദിച്ചിരുന്നു. 6000ത്തിലധികം പേർക്ക് പട്ടയം കൊടുക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

idukki district administration gets legal notice for giving pattayam
Author
Idukki, First Published Nov 18, 2020, 12:20 AM IST

ഇടുക്കി: ഇടുക്കിയിൽ വനഭൂമിക്ക് അനധികൃതമായി പട്ടയം കൊടുത്തുവെന്നാരോപിച്ച് ജില്ലാ ഭരണകൂടത്തിന് വക്കീൽ നോട്ടീസ്. വണ്‍ എർത്ത് വൺ ലൈഫ് എന്ന സംഘടനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, പട്ടയ നടപടികളെ അട്ടിമറിക്കാനുള്ള ചില കപട പരിസ്ഥിതി വാദികളുടെ ശ്രമമാണിതെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു.

കഞ്ഞിക്കുഴി, തട്ടേക്കണ്ണി തുടങ്ങിയ മേഖലകളിലെ 2000ത്തിലധികം പേർക്ക് അടുത്തിടെ റവന്യൂ വകുപ്പ് പട്ടയം അനുവദിച്ചിരുന്നു. 6000ത്തിലധികം പേർക്ക് പട്ടയം കൊടുക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. എന്നാൽ, പട്ടയമനുവദിച്ച ഭൂമി വനമേഖലയിൽപ്പെടുന്നതാണെന്നും വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന.

പട്ടയനടപടികൾ നിർത്തിവയ്ക്കാനും, അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാനും ആവശ്യപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ, ചില കപട പരിസ്ഥിതിവാദികളാണ് വക്കീൽ നോട്ടീസിന് പിന്നിലെന്നാണ് നാട്ടുകാരുടെയും ഹൈറേഞ്ച് സംരക്ഷണസമിതിയുടേയും ആരോപണം. റവന്യൂ ഭൂമിയിലാണ് പട്ടയം അനുവദിച്ചതെന്നും നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും ജില്ലാ കളക്ടറും പറയുന്നു. പട്ടയനടപടികൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios