Asianet News MalayalamAsianet News Malayalam

ഇടുക്കി; ലയങ്ങളില്‍ സുരക്ഷിതത്വമില്ലാതാകുന്ന കുട്ടികള്‍

 

തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലേബർ ഡിപ്പാർട്ടമെന്‍റും ട്രൈഡ് യൂണിയനുകളും തോട്ടം മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയോ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നതും ആശങ്കയേറ്റുന്നു.  സാമൂഹിക സുരക്ഷാ പദ്ധതികളും സ്ത്രീ സുരക്ഷാ പദ്ധതികളും മറ്റും ഇടുക്കി മലനിരകള്‍ കയറിയെത്താന്‍ വൈകുന്നതും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

 

idukki insecured childrens in idukki thottam plantation
Author
Idukki, First Published Jul 9, 2021, 4:13 PM IST
  • Facebook
  • Twitter
  • Whatsapp


ടുക്കി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇടുക്കിയിലെ അനധികൃത കൈയേറ്റമായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിയതെങ്കില്‍ ഇത്തവണ ലയങ്ങളില്‍ സുരക്ഷിതത്വമില്ലാത്ത പെണ്‍കുട്ടികളുടെ ജീവിതമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അതിന് കാരണമായതാവട്ടെ വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, വീട്ടില്‍ തന്നെ കെട്ടിത്തൂക്കിയ കേസും. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റില്‍ പന്ത്രണ്ട് വയസ്സുകാരിക്ക് അച്ഛനില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനവുമായിരുന്നു. ആഴ്ചകളുടെ ഇടവേളകളില്‍ പുറത്തറിഞ്ഞ ഈ കേസുകള്‍ ഇടുക്കിയിലെ ലയങ്ങളില്‍ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്‍റെ കഥയാണ് വെളിപ്പെടുത്തിയത്. 

വണ്ടിപ്പെരിയാറിൽ കൊലപ്പെട്ട ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി പെൺകുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ തോട്ടത്തിൽ പണിക്ക് പോകുന്ന സമയത്ത് ലയത്തിയായിരുന്ന ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. മൂന്ന് വയസ്സുമുതല്‍ കുട്ടി ഇയാളില്‍ നിന്ന് നിരന്തരം പീഢനം സഹിക്കുകയായിരുന്നു. ലോക്ഡൌണില്‍ സ്കുളുകള്‍ അടച്ചിട്ടതോടെ കുട്ടി സ്ഥിരമായി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇയാള്‍ കുട്ടിക്ക് സ്ഥിരമായി മിഠായികള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് സമീപത്തെ കടയുടമ മൊഴി നല്‍കിയിരുന്നു. സംഭവ ദിവസം അര്‍ജുന്‍റെ പീഡനത്തെ തുര്‍ന്ന് കുട്ടി ബോധരഹിതയായി. കുട്ടി മരിച്ചെന്ന് കരുതിയ അര്‍ജുന്‍ കുട്ടിയെ വീട്ടില്‍ തന്നെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. അഞ്ചും എട്ടും മുറികളുള്ള നീണ്ട ലയങ്ങളില്‍ ഈ സമയം ആരും തന്നെ ഉണ്ടായിരുന്നില്ല. ലയങ്ങളിലെ തൊഴിലാളികളെല്ലാം തന്നെ രാവിലെ ജോലിക്ക് പോയാല്‍ പിന്നെ വൈകീട്ടാണ് വരുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനും മറ്റും പോയതും പ്രതിക്ക് സൌകര്യമൊരുക്കി. മാത്രമല്ല, പകല്‍ സമയത്ത് ലയങ്ങളില്‍ ആരുമുണ്ടാകില്ലെന്നതും പ്രതി ഇവിടുത്തെ നിത്യ സന്ദര്‍ശകമായിരിന്നുവെന്നതും അര്‍ജുന് കൂടുതല്‍ സൌകര്യമൊരുക്കുകയായിരുന്നു. 

മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റില്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിക്ക് സ്വന്തം അച്ഛനില്‍ നിന്നായിരുന്നു പീഢനമേല്‍ക്കേണ്ടിയിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ അമ്മ വിഷം കഴിച്ച് മരിക്കുകയായിരുന്നു. ഇതോടെ ലയത്തില്‍ ഇരുവരും മാത്രമായി. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകളെ അമ്മയുടെ മരണശേഷം അച്ഛന്‍ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നു. പീഡനം സഹിക്കാനായതോടെയാണ് കുട്ടി ബന്ധുവീട്ടില്‍ പരാതി പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നമ്പര്‍ വിളിച്ച് കുട്ടി പരാതി പറയുമ്പോഴാണ് പീഡനം പുറത്തറിയുന്നത്. 

ലയങ്ങളിലെ സാമൂഹിക സാഹചര്യവും പകല്‍ സമയങ്ങളില്‍ കുട്ടികള്‍ മാത്രമാകുന്നതും ഇത്തരം പീഡനങ്ങള്‍ കൂടാന്‍ കാരണമാകുന്നതായി ദേവികുളം എസ് ഐ റ്റി ബി വിബിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ ലയങ്ങളിലെയും സാമൂഹിക സാഹചര്യം ഏതാണ്ട് ഒന്ന് തന്നെയായിരിക്കും. പുറത്ത് നിന്ന് വരുന്നവരെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു സമൂഹമല്ല ലയങ്ങളിലുള്ളത്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ പുറത്ത് നിന്ന് വരുന്നവര്‍ക്ക് ലയങ്ങളിലേക്ക് പെട്ടെന്ന് കയറാന്‍ സാധിക്കുന്നു. പകല്‍ സമയങ്ങളില്‍ ലയങ്ങളില്‍ മിക്കവാറും പ്രായമായവര്‍ മാത്രമാണ് കാണുക. ജോലിക്ക് പോകാന്‍ പറ്റാത്ത തരത്തില്‍ ആരോഗ്യപ്രശ്നമുള്ളവരോ കാഴ്ചയ്ക്കോ കേള്‍വിക്കോ പരിമിതികളുള്ള പ്രായമായവരും വളരെ ചെറിയ കുട്ടികളും മാത്രമാകും ഇത്തരം ലയങ്ങളില്‍ ഉണ്ടാകുക. പുറത്ത് നിന്ന് എത്തുന്നയാളുകള്‍ ഇത്തരം സാഹചര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഇതോടൊപ്പം കുട്ടികളെ ഏങ്ങനെയാണ് പരിഗണിക്കേണ്ടതെന്നതിനെ കുറിച്ചുള്ള അവബോധമില്ലാത്തതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള സാധ്യതയ്ക്ക് തടയിടാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാര്‍ കേസ് ഇടുക്കിയിലെ നിലവിലെ സാമൂഹ സാഹചര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആദിമനിവാസികള്‍ മാത്രമുണ്ടായിരുന്ന ഇടുക്കി വനങ്ങളുടെ ഭൂമി ശാസ്ത്രം മാറിയത് ബ്രീട്ടീഷുകാരുടെ വരവോടെയാണ്. കൈയേറി കോളനികളാക്കിയ പ്രദേശത്ത് തങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അവിടെ സുഖജീവിതത്തിനായി ബംഗ്ലാവുകള്‍ പണിതുകൊണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ ഇടുക്കിയിലേക്ക് കുതിരവണ്ടി കയറിയത്.  മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ വന്‍മരങ്ങള്‍ വെട്ടി മൊട്ടക്കുന്നുകളാക്കി മാറ്റിയ ബ്രിട്ടീഷുകാര്‍ അവിടെ തേയില തോട്ടങ്ങള്‍ നിര്‍മ്മിച്ചു. തോട്ടങ്ങളിലേക്ക് തമിഴ്നവാട്ടില്‍ നിന്നും തൊഴിലാളികളെ ഇറക്കി. തൊഴിലാളികളെന്നാണ് പേരെങ്കിലും അടിമവേലയായിരുന്നു തോട്ടങ്ങളിലുണ്ടായിരുന്നത്. തുച്ഛമായ കൂലിയും താമസസൌകര്യമില്ലായ്മയും ദുരിത ജീവിതമായിരുന്നു അവര്‍ക്ക് സമ്മാനിച്ചിരുന്നത്. 

പിന്നീട് രാജ്യം സ്വതന്ത്രമായെങ്കിലും മൂന്നാറടക്കമുള്ള തോട്ടം മേഖല ബ്രിട്ടീഷ് കാലത്തെ കാരാറിന്‍റെ പേരില്‍ ടാറ്റ, ഹരിസണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ കൈവശം വച്ചു.  മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍ സുശീല ഭട്ട് ഒരിക്കല്‍ പറഞ്ഞത് ഇടുക്കിയിലെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇന്നും സ്വകാര്യ കുത്തകകള്‍ കൊള്ളയടിച്ച് കയ്യടക്കിവെച്ചിരിക്കുകയാണെന്നാണ്. ഇന്നും ജില്ലയുടെ കിഴക്കന്‍ മേഖലയായ ദേവികുളം താലൂക്കില്‍ കൂടുതല്‍ പേരും തോട്ടം തൊഴിലാളികളാണ്. കണ്ണൻ ദേവൻ - ഹരിസൻ മലയാളം പ്ലാന്‍റേഷനുകളിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇന്നും ജോലി ചെയ്യുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച കോട്ടേഴ്സുകളിൽ സ്റ്റാഫുകളും ബംഗ്ലാവുകളിൽ മനേജർമാരും അന്തിയുറങ്ങുമ്പോൾ തൊഴിലാളികൾ വസിക്കുന്നത് ഒറ്റമുറി മാത്രമുള്ള ലയങ്ങള്‍ എന്നറിയപ്പെടുന്ന നീണ്ട ലൈന്‍ മുറികളിലാണ്. ഒരു ലയത്തില്‍ ചിലപ്പോള്‍ അഞ്ചോ എട്ടോ വീടുകളാകും ഉണ്ടാവുക. ഒരു വീട്ടില്‍ ഒരു അടുക്കളയും ഒരു വലിയ ഹോളും മാത്രമാണ് ഉണ്ടാവുക. 

അച്ഛന്‍, അമ്മ, കുട്ടികള്‍, അവരോടൊപ്പം പ്രായമായ മുത്തച്ഛനോ മുത്തശ്ശിയോ, ഇങ്ങനെ ആറും ഏഴും അംഗങ്ങളുള്ള കുടുംബങ്ങള്‍ മുഴുവനും ഇത്തരം ഒറ്റമുറിയിലാണ് അന്തിയുറങ്ങേണ്ടത്. കുറഞ്ഞ കൂലി നിരക്കാണ് ഇത്തരം പ്ലാന്‍റേഷനുകളില്‍ നല്‍കുന്നതെന്നത് കൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകും മുന്നേ കൌമാരക്കാരായ കുട്ടികളും തേയിലെ നുള്ളാന്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു ദിവസം ഒരു തൊഴിലാളി 27 കിലോ തേയില നുള്ളിയാല്‍ മാത്രമാണ് 410 രൂപ കൂലിയായി നല്‍കുന്നത്. സ്വാഭാവികമായും കൂലി കുറയുന്നത് കൊണ്ട് തന്നെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയ കുട്ടികളെ വീടുകളില്‍ തന്നെ നിര്‍ത്തുകയാണ് സാധാരണ ചെയ്യുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകളടച്ചതും മോബൈല്‍ റെയിഞ്ച് ഇല്ലാത്തതും ലയത്തിലെ കുട്ടികളുടെ പഠനത്തെ കാര്യമായി തന്നെ ബധിക്കുന്നുണ്ട്. 

പെൺകുട്ടികൾ പ്രായപൂർത്തിയായാലും വീട്ടിലെ ആളുകളുടെ എണ്ണം കൂടുതലായാലും ഒന്ന് മാറിക്കിടക്കാൻ മറ്റൊരു മുറി പോലുമില്ലാത്ത ലയങ്ങളിലാണ് ഇന്നും തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. ഇത്തരം സാമൂഹ്യ സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയാത്തതാണ് കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുയര്‍ത്തുന്നതും. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലേബർ ഡിപ്പാർട്ടമെന്‍റും ട്രൈഡ് യൂണിയനുകളും തോട്ടം മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയോ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നതും ആശങ്കയേറ്റുന്നു.  സാമൂഹിക സുരക്ഷാ പദ്ധതികളും സ്ത്രീ സുരക്ഷാ പദ്ധതികളും മറ്റും ഇടുക്കി മലനിരകള്‍ കയറിയെത്താന്‍ വൈകുന്നതും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. സാമൂഹിക അവബോധം സൃഷ്ടിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയൊരു ശതമാനം കുറവ് വരുത്താന്‍ കഴിയുമെന്നിരിക്കെയാണിത്. പെട്ടിമുടി ദുരന്തത്തോട് അനുബന്ധിച്ച് നടന്ന ചർച്ചകളിൽ തൊഴിലാളികൾക്ക് അടച്ചുറപ്പുള്ള വീടും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാരും വകുപ്പുകളും ഉറപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വേളയിലും ഇത്തരം ഉറപ്പുകൾ നടപ്പാക്കുമെന്ന് സർക്കാർ ആവര്‍ത്തിച്ച് പറഞ്ഞു. എന്നാൽ, തുടര്‍ഭരണം ലഭിച്ചിട്ടും തൊഴിലാളികളുടെ സാമൂഹിക സാഹചര്യങ്ങളില്‍ ഇടപെടാനോ അതിന് പരിഹാരം കാണാനോ സര്‍ക്കാരും ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. 
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Follow Us:
Download App:
  • android
  • ios