ഇടുക്കി: ചരിത്രം രചിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി. മൂലമറ്റം പവര്‍ഹൗസിൽ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു. 44 വർഷം കൊണ്ടാണ് ഈ ചരിത്ര നേട്ടം. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും വൈദ്യുതോദ്പാദനം നടക്കുന്നത്.

കൊലുമ്പൻ എന്ന ആദിവാസി നിർദ്ദേശിച്ച സ്ഥാനത്ത് നിർമിച്ച ഇടുക്കി ഡാം ഇന്നും കേരളത്തെ പ്രകാശപൂരിതമാക്കുന്നു. 1976 ഫെബ്രുവരി 12-നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി കമ്മീഷൻ ചെയ്തത്. 44 വർഷങ്ങൾക്കിപ്പുറം ഇവിടെ നിന്നുള്ള വൈദ്യുതോദ്പാദനം ഒരു ലക്ഷം ദശലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുന്നു.

1969- ലാണ് ഇടുക്കി അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിൻ ആയിരുന്നു കൺസൽട്ടന്റ. പദ്ധതി ചെലവ് 110 കോടി രൂപ. മണ്ണിടിച്ചിൽ സാധ്യത ഒഴിവാക്കാൻ മൂലമറ്റത്ത് പാറ തുരന്നാണ് ഏഴ് നിലകളിൽ പവർഹൗസ് സ്ഥാപിച്ചത്. ഇതിൽ മൂന്ന് നിലകൾ ഭൂമിയ്ക്ക് താഴെയാണ്. ഒന്നാം നിലയിലാണ് ട‍ർബൈൻ. ജനറേറ്ററുകൾ നാലാം നിലയിൽ. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവർത്തിപ്പിച്ചാൽ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഒരു യൂണിറ്റിന് ചെലവ് 23 പൈസ.

ചരിത്ര നേട്ടം വിപുലമായി ആഘോഷിക്കാനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി. ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് രണ്ടാമത് വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പഠനം പുരോഗമിക്കുകയാണ് ഇപ്പോൾ.