വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിയിലായ രണ്ട് പേർക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വച്ചതിന് പിടിയിലായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ്. ലഘുലേഖകളുമായി പിടിയിലായ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായ സാ​ഹചര്യത്തിലാണ് കേസെടുത്ത പന്തീരങ്കാവ് സ്റ്റേഷനിലേക്ക് ഡിജിപിയുടെ നിർദേശപ്രകാരം ഐജി നേരിട്ട് എത്തിയത്. 

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിയിലായ രണ്ട് പേർക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎപിഎ പിൻവലിക്കേണ്ടതില്ലെന്നും ഐജി വ്യക്തമാക്കി. നിലവിൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റുകളുമായി പിടിയിലായവർക്ക് എത്രമാത്രം അടുപ്പമുണ്ടെന്ന് വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു. 

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നും എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. 

പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്ന ലഘുലേഖയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. എതിർക്കുന്നവരെയെല്ലാം കൊന്നു തള്ളുന്ന സംസ്ഥാന-കേന്ദ്രസർക്കാരുകൾ ഒരേ നയമാണ് പിന്തുടരുന്നതെന്നും ലഘുരേഖയിലുണ്ട്.

നിലവില്‍ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലുള്ള യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെ സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു. വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി കോഴിക്കോട് നഗരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും കെ. അജിതയ്ക്കുമൊപ്പം പൊലീസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്റേയും മാതാപിതാക്കള്‍ നേരില്‍ കണ്ടു. താഹ ഫസലിന്റെ മാതാപിതാക്കളും പിന്നീട് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. 

അലന്‍റെ മാതാവ് സബിതയും പിതാവും സിപിഎം മീഞ്ചന്ത മിനി ബൈപ്പാസ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷുഹൈബുമാണ് മുഖ്യമന്ത്രിയെ കണ്ടത്. അലന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സിപിഎം ബ്രാഞ്ച് അംഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സബിത പറഞ്ഞു. ലഘുലേഖ കൈവശം വയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നും നാളെ ഇത് ആര്‍ക്കും സംഭവിക്കാമെന്നും അവര്‍ പറഞ്ഞു. താഹയ്ക്ക് മാവോയിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാളുടെ ബന്ധുക്കളും പറയുന്നു. 

പിടിയിലായ യുവാക്കളുടെ കുടുംബം നേരിൽ കണ്ട് പരാതി പറയുകയും യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎമ്മിൽ തന്നെ വിമർശനം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്നും വിശദീകരണം തേടിയത്. ഇതേ തുടർന്ന് ഉത്തരമേഖല ഐജി അശോക് യാദവിനോട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ഡിജിപി നിർദേശിക്കുകയായിരുന്നു. 

അതേസമയം മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലം അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയിരുന്നോ എന്ന കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പറഞ്ഞ പി.മോഹനന്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പൊലീസ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.