Asianet News MalayalamAsianet News Malayalam

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി, നീതി കിട്ടിയില്ലെന്ന് ജയചന്ദ്രന്‍

ഉദ്യോഗസ്ഥയെ ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

 

ig says maximum punishment given to pink police officer for questioning young father and daughter in public
Author
Thiruvananthapuram, First Published Oct 14, 2021, 10:15 AM IST

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് (Pink Police) പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥ (officer)  രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി
ഡിജിപിക്ക് റിപ്പോർട്ട് നൽകി. നീതി കിട്ടിയില്ലെന്ന് ജയചന്ദ്രൻ  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. സംഭവം വിവാദമായത്തോടെ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios