27 തേക്കുമരങ്ങളില്‍ പത്തെണ്ണെത്തിന് റവന്യൂ- വനം വകുപ്പിന്‍റെ പാസുണ്ടായിരുന്നു. മുറിച്ച ശേഷം മറ്റൊരു സ്ഥലത്ത് മാറ്റിയിട്ടിരുന്ന ഒരു തേക്ക് മരം വനം വകുപ്പ് ഫ്ലൈയിംഗ് സ്വക്വാഡ് കണ്ടെത്തി.

പത്തനംതിട്ട: എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ ഭൂപതിവ് പട്ടയമുള്ള സ്ഥലത്ത് നിന്ന് 27 തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി. സംഭവത്തില്‍ കോട്ടയം കളക്ടറുടെ നിര്‍ദേശ പ്രകാരം കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ മരം മുറിച്ച സ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. എരുമേലി റേഞ്ചില്‍ മരം മുറിയ്ക്കാൻ 600 ലധികം പാസുകള്‍ അനുവദിച്ചതായി നേരത്തെ വനം വകുപ്പ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു.

എരുമേലി തെക്ക്, എരുമേലി വടക്ക് വില്ലേജുകളില്‍ നിന്നാണ് മരം മുറിച്ചത്. റവന്യൂ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് കോട്ടയം ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. 27 തേക്കുമരങ്ങളില്‍ പത്തെണ്ണെത്തിന് റവന്യൂ- വനം വകുപ്പിന്‍റെ പാസുണ്ടായിരുന്നു. മുറിച്ച ശേഷം മറ്റൊരു സ്ഥലത്ത് മാറ്റിയിട്ടിരുന്ന ഒരു തേക്ക് മരം വനം വകുപ്പ് ഫ്ലൈയിംഗ് സ്വക്വാഡ് കണ്ടെത്തി.

ബാക്കിയുള്ള തടികള്‍ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. എരുമേലി കരിനിലം മേഖലയിലും രണ്ടിടത്ത് തേക്ക് മരം വെട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥലത്തും കര്‍ഷകരുടെ ഭൂമിയിലെ തേക്ക് മരങ്ങളാണ് വെട്ടിയത്. ഈ ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. വില്ലേജ് ഓഫീസിലെ രേഖകളില്‍ തേക്ക് വെട്ടിയ ഭൂമിക്കുള്ളത് എല്‍എ പട്ടയമാണ്.

എന്നാല്‍ തങ്ങളുടെ ഭൂമിക്ക് എല്‍എ പട്ടയമല്ലെന്ന് കര്‍ഷകര്‍ റവന്യൂ ഉദ്യോഗസ്ഥരെ രേഖകള്‍ സഹിതം കാണിച്ചു. മുണ്ടക്കയം അമരാവതി മേഖലയില്‍ വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെ 5 കൂറ്റൻ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി. അമരാവതിയില്‍ ആകെ 1357 പാസുകളാണ് വനം വകുപ്പ് നല്‍കിയത്. അതില്‍ 53 എണ്ണം മാത്രമാണ് എല്‍എ പട്ടയഭൂമിയിലുള്ളത്. കോട്ടയം, ഇടുക്കിയിലെ പീരുമേട്, എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് പരിധി എന്നിവ ഉള്‍പ്പെടുന്നതാണ് എരുമേലി ഫോറസ്റ്റ് റേഞ്ച്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona