കൊച്ചി: തടയണ പൊളിച്ച് മാറ്റുന്നതിനെതിരെ പിവി അൻവറിന്റെ ഭാര്യാപിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദുരന്ത നിവാരണ നിയമപ്രകാരം തടയണ പൊളിച്ചു നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പി വി അൻവറിന്‍റെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫിന്‍റെ ഉടമസ്ഥതയിലാണ് വിവാദമായ തടയണ.

കരാര്‍ പ്രകാരം കൈവശപ്പെടുത്തിയ മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ മലയിടിച്ച് 2015ലാണ് പി വി അന്‍വര്‍ തടയണകെട്ടിയത്. തടയണ നിയമവിരുദ്ധമാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് 2015 ജൂലൈ രണ്ടിന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ കെ കെ സുനില്‍കുമാര്‍  ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോ 2015 ആഗസ്റ്റ് 17ന് ഒപ്പിട്ടുവാങ്ങിയത് പി വി അന്‍വറാണ്. നിയമവിരുദ്ധമായി കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടു. എന്നാല്‍ തടയണപൊളിക്കാനുള്ള ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

2016ല്‍ മെയ് 19ന് അന്‍വര്‍ നിലമ്പൂരില്‍ നിന്നും സിപിഎം സ്വതന്ത്ര എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എയായതിനു ശേഷം കരാര്‍ പ്രകാരം സ്വന്തമാക്കിയ ചീങ്കണ്ണിപ്പാലിയിലെ എട്ടേക്കര്‍ സ്ഥലം 26-11-2016ന് ഭാര്യാ പിതാവ് സി കെ അബ്ദുല്‍ലത്തീഫിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

തടയണപൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് മലപ്പുറം കളക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ വിഗദ്ഗസമിതിയെ നിയോഗിച്ച് വിശദമായ തെളിവെടുപ്പും നടത്തി. തടയണയല്ല കുളമാണെന്നായിരുന്നു എംഎല്‍എയുടെ വാദം. എന്നാല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണകെട്ടിയതാണെന്ന് തെളിഞ്ഞു.

ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായികെട്ടിയ തടയണ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വറിനന്റെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട്  പരാതിക്കാരന്‍ എം പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും  ഒഴുക്കിവിടണമെന്ന 2018 ജൂലൈ 10ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും 2019 എപ്രില്‍ 10ന് ഉത്തരവിട്ടത്. എന്നിട്ടും തടയണയുടെ ഒരു ഭാഗത്ത് മണ്ണുനീക്കുകയല്ലാതെ തടയണപൊളിച്ച് വെള്ളം പൂര്‍ണമായും ഒഴുക്കിവിട്ടില്ല. ഇതോടെയാണ് ഹൈക്കോടതി ഉത്തരവ്  നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ലത്തീഫ് വീഴ്ചവരുത്തിയെന്ന് വിലയിരുത്തി  15 ദിവസത്തിനകം തടയണപൊളിക്കാന്‍ മലപ്പുറം കളക്ടറോട് ജൂണ്‍ 14ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഗദ്ഗസമിതിയുടെ നേതൃത്വത്തില്‍ കളക്ടര്‍ തടയണപൊളിക്കാനുള്ള പ്രവൃത്തിക്ക് 21ന് തുടക്കം കുറിച്ചിരുന്നു.
അടിത്തട്ടില്‍ ആറു മീറ്ററിലും ജലനിരപ്പില്‍ 12 മീറ്ററും മുകളില്‍ 25 മീറ്ററും വ്യാസത്തില്‍ തടയണപൊളിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

നിലമ്പൂര്‍ കവളപ്പാറയില്‍ 59 പേര്‍ മരണപ്പെട്ട ദുരന്തമുണ്ടായതോടെ ഈ ദുരന്തവും പാഠമായില്ലേ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ജലനിരപ്പില്‍ 12 മീറ്ററിനു പകരം ആറു മീറ്റര്‍ മാത്രമാണ് തുറന്നത്. തടയണയുടെ അടിത്തട്ടുവരെ പൊളിച്ചതുമില്ല. ജൂണ്‍ 21നാരംഭിച്ച തടയണപൊളിക്കല്‍ ജൂലൈ അഞ്ചിന് പൂര്‍ത്തീകരിക്കാതെ പാതിവഴി അവസാനിപ്പിക്കുകയും ചെയ്തു. അടിത്തട്ട് പൊളിക്കാത്തതിനാല്‍ തടയണയില്‍ ഇപ്പോഴും വെള്ളം സംഭരിച്ചിരിക്കുകയാണ്.

ഇതോടെയാണ് തടയണപൊളിച്ച് വെള്ളം പൂര്‍ണമായും തുറന്നുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നും തടയണപൊളിക്കാനുള്ള ചെലവ് അന്‍വറിന്റെ ഭാര്യാപിതാവില്‍ നിന്നും ഈടാക്കിയില്ലെന്നും കാണിച്ച് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കോടതി കളക്ടറോട് വിശദ റിപ്പോര്‍ട്ട് തേടി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വിനോദ് എതിര്‍സത്യവാങ്മൂലവും സമര്‍പ്പിച്ചു.

തടയണക്കെതിരായ പരാതിക്കാരന്‍ എം പി വിനോദിനെ വെട്ടികൊലപ്പെടുത്താന്‍ പി വി അന്‍വര്‍ എംഎല്‍എ കൊട്ടേഷന്‍ നല്‍കിയെന്ന്ക്രിമിനല്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തലും പരാതിയുമുണ്ടായി. 2019 ഒക്ടോബര്‍ ആറിന് വിനോദിനു നേരെ കക്കകാടംപൊയിലില്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് ഹൈക്കോടതി വിനോദിനും കുടുംബത്തിനും സായുധപോലീസ് സംരക്ഷണം അനുവദിക്കുകയായിരുന്നു.