Asianet News MalayalamAsianet News Malayalam

പോക്സോ നിയമം നോക്കുകുത്തി; കേരളത്തിൽ നാലിലൊന്ന് കേസിൽ പോലും ശിക്ഷയില്ല

വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന കണക്ക്, 2012 ൽ നിയമം നിലവിൽ വന്നതിന് ശേഷം 20 ശതമാനം കേസിൽ മാത്രമാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് വര്‍ഷത്തിനിടെ 32 കേസുകളില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ഒറ്റ കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.

implementation failure of pocso act in kerala
Author
Kozhikode, First Published Oct 30, 2019, 10:25 AM IST

കോഴിക്കോട്: സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം അടിക്കടി പെരുകുമ്പോഴും ഇവയില്‍  നാലിലൊന്ന് കേസുകളില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള കണക്ക്. 2012 ൽ നിമയം നിലവിൽ വന്ന ശേഷം കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകളിൽ 20 ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയതെന്നാണ് വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ തെളിയിക്കുന്നത്. 

കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് അഫ്സലിന് സംസ്ഥാനത്തെ വിവിധ പോക്സോ കോടതികളും ജില്ലാ കോടതികളും വിവരാവകാശ  നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്. 

പോക്സോ നിയമം നിലവില്‍ വന്ന 2012ന് ശേഷം എത്ര കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ? എത്ര കേസുകളില്‍ ശിക്ഷ വിധിച്ചു? എത്ര കേസുകള്‍ വിട്ടയച്ചു എന്നീ കാര്യങ്ങളായിരുന്നു അഫ്സല്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. ആലപ്പുഴ ജില്ലയില്‍ 2013-18 കാലയളവില്‍ പോക്സോ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം 9 കേസുകളിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്നതടക്കം കുട്ടികള്‍ക്കെതിരെ നടക്കുന്ന ഗൗരവമേറിയ ലൈംഗിക കടന്നുകയറ്റമാണ് വകുപ്പ് അഞ്ചില് വരുന്നത്. വകുപ്പ് ഏഴ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലും വകുപ്പ് ഒമ്പത് പ്രകാരം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും വകുപ്പ് 11 പ്രകാരം രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലും വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും എല്ലാ കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടു.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ കണക്കിലും പ്രതീക്ഷക്ക് വകയൊന്നും ഇല്ല. വകുപ്പ് അഞ്ച് പ്രകാരം രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. വകുപ്പ് ഏഴ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 20 കേസുകളില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് നാലു കേസുകളില്‍ മാത്രം.

കോഴിക്കോട് ജില്ലയില്‍ പോക്സോ കോടതി നിലവില്‍ വന്ന 2016ന് ശേഷം വിവിധ വകുപ്പുകളിലായി 239 കേസുകളില്‍ വിചരണ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട് 22 കേസുകളില്‍ മാത്രമാണ്. ബാക്കി 217 കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടു. വയനാട്ടിലാകട്ടെ വകുപ്പ് അഞ്ച് പ്രകാരം രജിസ്റ്റര്‍ ചെയ്ത 94 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 20 കേസുകളിൽ മാത്രമാണ്.

വിചാരണ ഘട്ടത്തില്‍ ഇരകളും സാക്ഷികളും കൂറുമാറുന്നതാണ് പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നതിന്‍റെ ഒരു കാരണം. പോക്സോ കേസുകളിലെ പ്രതികള്‍ പലപ്പോഴും ബന്ധുക്കളോ അയല്‍വാസികളോ ആകുമെന്നതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനായി നടത്തുന്ന സമ്മര്‍ദ്ദമാണ് പലപ്പോഴും കൂറുമാറ്റത്തിലേക്ക് നയിക്കുന്നത്.

പോക്സോ കോടതികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി പ്രവൃത്തി പരിചയം പരിഗണിക്കാതെ രാഷ്ട്രീയ  അടിസ്ഥാനത്തില്‍ നിയമം നടത്തുന്നതും കേസുകള്‍ തോല്‍ക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. മതിയായ പ്രവൃത്തി പരിചയമില്ലാത്തവരെ പോക്സോ കോടതികളില്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി മലപ്പുറം, വയനാട് ജില്ലാ ജഡ്ജിമാരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios