തിരൂരിൽ ലഹരിക്കടിപ്പെട്ട യുവാവ് ഒരു വയസ്സിൽ താഴെ പ്രായമുള്ള സ്വന്തം കുഞ്ഞിനെ വായുവിലേക്ക് എറിഞ്ഞ് അപകടകരമായ രീതിയിൽ പെരുമാറി. സംഭവം കണ്ട നാട്ടുകാർ സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ രക്ഷിക്കുകയും യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു
മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് യുവാവ് കുഞ്ഞുമൊത്ത് ക്വാര്‍ട്ടേഴ്‌സിന് പുറത്തേക്ക് ഇറങ്ങിയത്. കടുത്ത ലഹരിയിലായിരുന്ന ഇയാള്‍ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പ്രകടനം കണ്ടതോടെ നാട്ടുകാര്‍ സമയോചിതമായി ഇടപെടുകയും യുവാവിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. എന്നിട്ട് കുഞ്ഞിനെ സുരക്ഷിതനാക്കി.
സംഭവമറിഞ്ഞ് സ്ഥലത്ത് നിരവധി പേർ തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്നുകളുടെ വില്‍പ്പനക്കാരനും ഉപയോക്താവുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ കുട്ടിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിയായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. തുടർന്ന് ഈ കുട്ടി നിലവില്‍ വലിയമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗണ്‍സിലിംഗും മറ്റ് നിയമ നടപടികളും ഉറപ്പുവരുത്തുമെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.
