15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സാമാജികരായി സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ  ഒരേ പേരുകാരായാ രണ്ട് അംഗങ്ങളാണുള്ളത്. നെന്മാറയിൽനിന്നുള്ള അംഗം സിപിഎമ്മിലെ കെ ബാബു, തൃപ്പൂണിത്തുറയിൽനിന്നുള്ള അംഗം കോൺഗ്രസിലെ കെ ബാബുവും.

തിരുവനന്തപുരം: 15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സാമാജികരായി സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ഒരേ പേരുകാരായാ രണ്ട് അംഗങ്ങളാണുള്ളത്. നെന്മാറയിൽനിന്നുള്ള അംഗം സിപിഎമ്മിലെ കെ ബാബു, തൃപ്പൂണിത്തുറയിൽനിന്നുള്ള അംഗം കോൺഗ്രസിലെ കെ ബാബുവും.

നെന്മാറ നിയുക്ത എംഎൽ കെ ബാബു കൊവിഡ് മുക്തനായി ക്വാറന്റീനിൽ ആയതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. അതേസമയം തൃപ്പൂണിത്തറയിൽ നിന്നുള്ള കെ ബാബു പതിനെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. 

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ മത്സരത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിലെ പ്രധാന നേതാക്കളിൽ ഒരാളായ എം സ്വരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചരിത്ര വിജയം നേടിയ പിണറായിയുടെ രണ്ടാം ഊഴത്തിനിടയിലും വലിയ തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തറ. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കെ ബാബു.

യുഡിഎഫ് 65875 വോട്ടുകളാണ് ഇവിടെ പിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം സ്വരാജിന് 64883 വോട്ടുകളും ലഭിച്ചു. ശബരിമലയടക്കമുള്ള വിഷയങ്ങൾ വലിയ പ്രചാരണായുധമാക്കിയായിരുന്നു കെ ബാബുവിന്റെ പ്രചാരണം. ബാർ കോഴ കേസിൽ ക്ലീൻ ചിറ്റുമായി എത്തിയ കെ ബാബു വലിയ മത്സരത്തിനൊടുവിലാണ് വിജയത്തിലേക്കെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി നെന്മാറയിൽ രണ്ടാം അഗംത്തിനിറങ്ങിയ കെ ബാബുവിന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. സിഎംപി സംസ്ഥാന അസി. സെക്രട്ടറിയും സഹകാരിയുമായ സിഎന്‍ വിജയകൃഷ്ണനെ ആയിരുന്നു യുഡിഎഫ് നെന്മാറയിലേക്ക് നിയോഗിച്ചത്. 28704 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബാബു വിജയം കണ്ടത്. 2016ൽ 7408 വോട്ടിന് ജയിച്ച കെ ബാബു ഭൂരിപക്ഷം നാലിരട്ടിയായി വർധിപ്പിച്ചാണ് എംഎൽ ആയി എത്തുന്നത്.