കൊച്ചി: ബിലിവേഴ്സ് സഭയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ 13.5 കോടി രൂപ കണ്ടെടുത്തു. തിരുവല്ല ബിലിവേഴ്സ് ആശുപത്രി  പരിസരത്തെ കാറിൽ നിന്നാണ് ഇതിൽ 7 കോടി കണ്ടെടുത്തത്. രാജ്യത്താകമാനം  60 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ്  പരിശോധന തുടരുകയാണ്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സാന്പത്തിക ഇടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചില സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബിലിവേഴ്സിന്റെ പേരിൽ 30 ട്രസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിൽ ഭൂരിഭാഗവും പേപ്പർ ട്രസ്റ്റുകളാണെന്നും കണക്കിൽപ്പെടാത്ത പണത്തിന്റെ ഇടപാടുകൾ നടത്താൻ ഇവ ഉപയോഗിച്ചെന്നുമാണ് കണ്ടെത്തൽ. പരിശോധനയിൽ ഗണ്യമായ ഇലക്ട്രോണിക്ക് കംപ്യൂട്ടിങ്ങ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതൽ പരശോധനയ്ക്ക് വിധേയമാക്കും.