സൈനിക ടാങ്കറുകളിലെ യാത്ര അടക്കം രണ്ടാം ദിനം എൻ സി സി കേഡറ്റുകൾക്ക് മറക്കാനാവാത്ത അനുഭവമായി. മൂന്നാം ദിനമായ ഇന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്‍‌ഞരോട് വിദ്യാർത്ഥികൾ സംവദിക്കും.

തിരുവനന്തപുരം: ഇന്ത്യൻ കരസേനയിലെ സൈനിക ജീവിതം നേരിട്ടറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്രാ സംഘം. സൈനിക ടാങ്കറുകളിലെ യാത്ര അടക്കം രണ്ടാം ദിനം എൻ സി സി കേഡറ്റുകൾക്ക് മറക്കാനാവാത്ത അനുഭവമായി. മൂന്നാം ദിനമായ ഇന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്‍‌ഞരോട് വിദ്യാർത്ഥികൾ സംവദിക്കും.

യുദ്ധ ഭൂമിയിൽ ഇന്ത്യൻ സേനാവ്യൂഹത്തിലെ തന്ത്രപ്രധാനമായ സാന്നിധ്യമാണ് ബിഎംപി 2 . കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന റഷ്യൻ നിർമിത യുദ്ധ ടാങ്ക്. ശക്തമായ പ്രഹരശേഷിയുള്ള ഈ കവചിത വാഹനത്തിൽ യാത്രചെയ്യാനടക്കമുള്ള അത്യപൂർവ അവസരമാണ് വജ്ര ജയന്തി യാത്രാ സംഘത്തിന് രണ്ടാം നാൾ ലഭിച്ചത്. ഇന്ത്യൻ സേനയിൽ ഏറ്റവും പുതിയതായെത്തിയ 762 സിഗ്മ അമേരിക്കൻ റൈഫിളും കേഡറ്റുകൾക്ക് പുത്തൻ അനുഭവമായി. ഒപ്പം വിവിധ സേനാ പരിശിലനങ്ങളിലും സൈനിതർക്കൊപ്പം കുട്ടികളും പങ്കാളികളായി. ഒരു എൻ സി സി കേഡറ്റിന് സാധാരണ ക്യാമ്പുകളിൽ ലഭിക്കാത്ത അവസരമായി വജ്ര ജയന്തി യാത്ര. രണ്ടാം ദിവസത്തെ വജ്ര ജയന്തി യാത്ര എൻ സി സി കേഡറ്റുകൾക്ക് സൈനിക ജീവിതം നേരിട്ടറിയാനുള്ള അവസരമായി മാറി.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്‍റെ ഏടുകൾ തേടിയൊരു യാത്രയാണ് വജ്ര ജയന്തി യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ സന്ദര്‍ശിക്കും. 10 ദിവസത്തെ വജ്ര ജയന്തി യാത്രയിൽ കേഡറ്റുകൾക്ക് പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ദിനം സൈനികർക്കൊപ്പം ചിലവഴിക്കാൻ അവസരമുണ്ട്. 

Read Also : സമരചരിത്രമറിയാന്‍, വജ്രജയന്തി യാത്രക്ക് തുടക്കം, ഫ്ലാഗ് ഓഫ് ചെയ്ത് ഗവര്‍ണര്‍