Asianet News MalayalamAsianet News Malayalam

ആശ്വാസവാർത്ത: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞ് കണ്ണു തുറന്നു

കുഞ്ഞിൻ്റെ ശരീരം പ്രതികരിച്ചു തുടങ്ങിയത് പ്രതീക്ഷ നൽകുന്നുവെന്ന് ഡോക്ടർമാർ. അടുത്ത 36 മണിക്കൂർ കൂടി നിർണായകം 

infant in angamaly who attacked by own father opened her eyes after surgery
Author
Angamaly, First Published Jun 23, 2020, 8:13 AM IST

എറണാകുളം: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. കുഞ്ഞ് അൽപസമയം മുൻപ് കണ്ണു തുറന്നതായി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ നടന്ന സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിൻ്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നു.  

പിതാവിൻ്റെ ആക്രമണത്തിൽ തലയിൽ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ സമ്മർദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം കുഞ്ഞിൻ്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയിൽ കീഹോൾ ശസ്ത്രക്രിയ നടത്തിയത്.

അതിസങ്കീർണമായ ശസ്ത്രക്രിയയിൽ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിൻ്റെ തലച്ചോറിൽ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിൽ അതീവ നിർണായകമാണെന്നും കുഞ്ഞിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. 

ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ കുട്ടി കണ്ണു തുറക്കാനും കരയാൻ ശ്രമിക്കാൻ തുടങ്ങിയിരുന്നു. കൈ കാലുകൾ അനക്കുകയും ചെയ്തു.ഇന്ന് രാവിലെയോടെ കണ്ണു തുറക്കുകയും കരച്ചിൽ ശക്തമാക്കുകയും ചെയ്തു. ഇതേ രീതിയിൽ അടുത്ത 48 മണിക്കൂറിൽ കൂടുതൽ പ്രതികരണം കുഞ്ഞിൽ നിന്നുണ്ടായാൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടർ സാജൻ പറയുന്നു. എന്തായാലും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശുഭസൂചനയായാണ് ഈ പ്രതികരണങ്ങളെ ഡോക്ചർമാർ കാണുന്നത്.  

ഇനി കുഞ്ഞിന് ശസ്ത്രക്രിയ ചെയ്യാനില്ല. മരുന്നുകളിലൂടെ മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാവൂ. നേരത്തെ കുഞ്ഞിന് നിരന്തരമായി അപസ്മാരം വരുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്നലെ വരെ വേദന കൂടുമ്പോൾ മാത്രമാണ് കുഞ്ഞ് പ്രതികരിച്ചിരുന്നത്. എന്നാൽ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കിയതിന് ശേഷം ആരോഗ്യനിലയിൽ മാറ്റം വന്നു തുടങ്ങി. കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ അടുത്ത 36 മണിക്കൂർ കൂടി നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. 

നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തലയിൽ കട്ടപിടിച്ച രക്തം ഇന്നലെ നീക്കം ചെയ്തിരുന്നു. ഓക്സിജൻ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്നലെ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. 

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്.

Follow Us:
Download App:
  • android
  • ios