തിരുവനന്തപുരം: ഇല്ലാത്ത പരാതിയുടെ പേരില്‍ ദിവസ വേതനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കി ഹോര്‍ട്ടികോര്‍പ്പിന്‍റെ ക്രൂരത. ജയില്‍തടവുകാര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ നല്‍കിയെന്ന പരാതിയുണ്ടെന്നു പറഞ്ഞാണ് തിരുവനന്തപുരം സ്വദേശി സുനില്‍കുമാറിനെ പുറത്താക്കിയത് എന്നാല്‍ ഇങ്ങനെയൊരു പരാതിയേ ഇല്ലെന്ന് ജയില്‍ വകുപ്പ് രേഖമൂലം അറിയിച്ചതോടെ ഹോര്‍ട്ടികോര്‍പ് ഉന്നതരുടെ കളളി വെളിച്ചത്തായി.

തിരുവനന്തപുരം സ്വദേശി സുനിലിന് നഷ്ടപ്പെട്ടത് ജോലി മാത്രമല്ല.അഭിമാനം കൂടിയാണ്.തടവുകാർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കൈമാറിയതിന് ജോലി പോയ വ്യക്തി എന്ന നിലയിൽ വിട്ടീലും നാട്ടിലും തല ഉയർത്തി നടക്കാനാകാതെയായി. മെയ് 5നാണ് ജില്ലാ മാനേജർ സുനിൽകുമാറിന് ജോലിയിൽ നിന്നു മാറ്റി നിർത്തിക്കൊണ്ട് കത്ത് നൽകിയത്.

ജില്ലാ ജയിലിലേക്ക് ഹോർട്ടികോർപ്പിന്‍റെ പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളിൽ ഒന്നിന്‍റെ ഡ്രൈവറായിരുന്നു സുനിൽ.ഹോർട്ടികോർപ്പിൽ നടന്ന അഴിമതിക്ക് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ സുനില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം ആരോപണം നേരിടുന്ന ചില ഉദ്യോഗസ്ഥർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയെന്ന് സുനിൽ പറയുന്നു.

സുനിലിനെതിരെ ജയിലിൽ നിന്ന് ഒരുപരാതിയും ലഭിച്ചിട്ടില്ലെന്ന് ഹോർട്ടികോർപ്പ് ആസ്ഥാനവും വിവരാവകാശ പ്രകാരം മറുപടി നൽകിയിട്ടുണ്ട്. ഇതോടെ സുനിലിനെതിരെ ഉണ്ടായത് വ്യാജ ആരോപണം ഉന്നയിച്ചുള്ള നടപടിയാണെന്ന് വ്യക്തമാവുകയാണ്. പക്ഷേ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഹോർട്ടി കോർപ്പ് ജില്ല മാനേജർ നിത്യാസുഗതൻ തയ്യാറായില്ല