കരാറിനായി വ്യാജ ഒപ്പ്! സ്വകാര്യ കമ്പനിയുമായുള്ള കരാറിൽ താൻ ഒപ്പുവച്ചിട്ടില്ലെന്ന് ഇൻകൽ മുൻ എംഡി
എംഡിയുടെ വ്യാജ ഒപ്പിട്ട് ഉടമ്പടി ഉറപ്പിക്കാൻ ഒരു സർക്കാർ പദ്ധതിയിൽ പറ്റുമോ? കേരളത്തിൽ അതും നടക്കുമെന്നാണ് ഇൻകെൽ സോളാർ പദ്ധതി തെളിയിക്കുന്നത്.

കൊച്ചി : 34 കോടിയുടെ കെഎസ്ഇബി-ഇൻകെൽ സോളാർ പദ്ധതിയിൽ അന്തിമ കരാർ ഒപ്പിട്ടതിലും തിരിമറിയെന്ന് ആക്ഷേപം. കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും രേഖകളിലുള്ളത് കള്ള ഒപ്പാണെന്നും ഇൻകെൽ മുൻ എംഡി കെ.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സോളാർ പദ്ധതിയിൽ അഴിമതി നടക്കുമെന്ന് 2020 ൽ തന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും ഇൻകൽ പദ്ധതിയുമായി മുന്നോട്ട് പോയതാണ് അഞ്ച് കോടി കോഴക്ക് അവസരമായത്.ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
എംഡിയുടെ വ്യാജ ഒപ്പിട്ട് ഉടമ്പടി ഉറപ്പിക്കാൻ ഒരു സർക്കാർ പദ്ധതിയിൽ പറ്റുമോ? കേരളത്തിൽ അതും നടക്കുമെന്നാണ് ഇൻകെൽ സോളാർ പദ്ധതി തെളിയിക്കുന്നത്. 40 കോടിക്ക് കെഎസ്ഇബിയിൽ നിന്നും നേടിയെടുത്ത സൗരോർജ്ജ പദ്ധതി ഇൻകെൽ ആറ് കോടി ലാഭമെടുത്ത് തമിഴ്നാട് കമ്പനിക്ക് മറിച്ചുകൊടുക്കുന്നത് 2020 ലാണ്. ഇങ്ങനെ ഉപകരാർ കൊടുക്കുന്നത് കരാർ ലംഘനമായിട്ടും ഈ ഇടപാട് നടന്നു. 2020 ജൂണ്‍ എട്ടിന് ആദ്യപടിയായി സ്വകാര്യ കമ്പനിയുമായി 7മെഗാവാട്ട് സോളാർ പദ്ധതിയുടെ വർക്ക് ഓർഡർ ഒപ്പിടുന്നത് അന്നത്തെ ഇൻകെൽ എംഡി കെ.വേണുഗോപാലാണ്. എന്നാൽ ഈ പദ്ധതിയിൽ സംഭവിക്കാൻ പോകുന്ന അഴിമതിയും കോഴപ്പണത്തിലെ ധാരണകളും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ 2020 ജൂണ്‍ മാസം തന്നെ ഒരുപരാതി എത്തിയിരുന്നു.വ്യവസായ വകുപ്പിന് കീഴിലെ ഇൻകലിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി കൈമാറി. അഴിമതി മുന്നറിയിപ്പുണ്ടായിട്ടും ഇൻകെൽ റിച്ച് ഫൈറ്റോകെയറുമായി അന്തിമ കരാർ ഒപ്പിട്ടു. ഈ കരാറിലും ഒപ്പ് എംഡി കെ.വേണുഗാപാലിന്‍റെത്. എന്നാൽ ഒപ്പിട്ടത് താനല്ലെന്ന് വേണുഗോപാൽ പറയുന്നു.
അധികം വൈകാതെ വേണുഗോപാൽ ഇൻകെലിൽ നിന്നും പടിയിറങ്ങി. അതിന് ശേഷമാണ് ഇൻകലും സ്വകാര്യകമ്പനിയും തമ്മിലുള്ള പണമിടപാടുകൾ നടക്കുന്നത്. വേണുഗോപാൽ അല്ലെങ്കിൽ അന്തിമ കരാറിലെ എട്ട് പേജുകളിലായി എട്ട് കള്ള ഒപ്പിട്ടതാര്? കോഴപ്പണം കൈപ്പറ്റിയ സോളാർ വിഭാഗം ജനറൽ മാനെജരായിരുന്നു സാംറൂഫസിനെയാണ് വേണുഗോപാലും സംശയിക്കുന്നത്. ഇത്രയും ക്രമക്കേടുകൾ നടന്നിട്ടും ഇൻകെൽ ഇക്കാര്യം പരിശോധിച്ചിരുന്നില്ലെ മറുപടി പറയേണ്ടത് വ്യവസായ വകുപ്പും ഇൻകൽ മാനെജ്മെന്‍റുമാണ്. ആവർത്തിച്ച് അഴിമതി മുന്നറിയിപ്പുകൾ വന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെയും ഇൻകെലിൽ ഒന്നും സംഭവിച്ചിരുന്നില്ല.
'കണ്ടമാനം പണം കിട്ടുമെന്ന് പറഞ്ഞു, കരുവന്നൂരിൽ സഹായിച്ചത് ബിജു കരീമും സെക്രട്ടറിയും'; വെളിപ്പെടുത്തൽ
കെഎസ്ഇബി- സോളാർ പദ്ധതി; അന്തിമ കരാർ ഒപ്പിട്ടതിലും തിരിമറി ?