Asianet News MalayalamAsianet News Malayalam

ഐഎൻഎല്ലിൽ തിരക്കിട്ട ചർച്ചകൾ, മധ്യസ്ഥത വഹിച്ച് കാന്തപുരം, വിട്ടുവീഴ്ചക്ക് കാസിം ഇരിക്കൂർ

മന്ത്രിസ്ഥാനം ത്രിശങ്കുവിലുളള ഐഎൻഎല്ലിലെ തമ്മിലടി തീർക്കാൻ കാന്തപുരം വിഭാഗത്തിന്റെ ഇടപെടൽ ലക്ഷ്യം കാണുന്നുവെന്നാണ് സൂചനകൾ.

internal conflict in inl political party Updates
Author
Thiruvananthapuram, First Published Jul 31, 2021, 2:22 PM IST

മലപ്പുറം: ഐഎൻഎല്ലിലെ പ്രശ്നപരിഹാരത്തിന് അബ്ദുൾ വഹാബ് പക്ഷവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി കാസിം ഇരിക്കൂർ. കാന്തപുരം വിഭാഗവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിട്ടുവീഴ്ചകൾക്ക് തയ്യാറെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് അന്തിമ നിലപാട് വ്യക്തമാക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞത്. തുടർ ചർച്ചകളുടെ സാധ്യത മുന്നിൽ കണ്ട് അബ്ദുൾ വഹാബ് പക്ഷം ആഗസ്റ്റ് 3 ന് ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു

മന്ത്രിസ്ഥാനം ത്രിശങ്കുവിലുളള ഐഎൻഎല്ലിലെ തമ്മിലടി തീർക്കാൻ കാന്തപുരം വിഭാഗത്തിന്റെ ഇടപെടൽ ലക്ഷ്യം കാണുന്നുവെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം അബ്ദുൾവഹാബുമായി കാന്തപുരം വിഭാഗം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് കാസിം ഇരിക്കൂറുൾപ്പെടെയുളള നേതാക്കളുമായി കാന്തപുരത്തിന്റെ മകനും എസ് വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൾ ഹക്കീം അസ്ഹരി കൂടിക്കാഴ്ച നടത്തിയത്. ഇടതുമുന്നണി നി‍ർദ്ദേശങ്ങളെ ഗൗരവമായി കാണുന്നുവെന്നും അനുരഞ്ജനത്തിനുളള വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഒരുമിച്ച് പോകാനാണ് താത്പര്യമെന്നും കാസിം ഇരിക്കൂർ പ്രതികരിച്ചു. 

അക്രമികൾ കയറാതിരിക്കാനാണ് ഐഎൻഎൽ സംസ്ഥാന സമിതി ഓഫീസിൽ അബ്ദുൾ വഹാബ് അനുയായികൾക്കെതിരെ  പ്രവേശനവിലക്ക് നേടിയതെന്ന് കാസിം ഇരിക്കൂർ. അബ്ദുൾ വഹാബ് പക്ഷം ചൊവ്വാഴ്ച ചേരാനിരുന്ന യോഗം മാറ്റിവച്ചത് ശുഭസൂചനയെന്നാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ നിഗമനം. ഇരുവിഭാഗവുമായും ചർച്ച നടത്തിയെന്നും പ്രശ്ന പരിഹാരത്തനായി തുട‍ർ ശ്രമങ്ങളുണ്ടാകുമെന്നും അബ്ദുൾ ഹക്കീം അസ്ഹരി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios