പാലക്കാട്ട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻഎംആർ റസാഖുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
പാലക്കാട് റാവുത്തർ ബിരിയാണി പ്രശസ്തമാക്കിയ 'എൻഎംആർ' എന്ന മൂന്ന് അക്ഷരം ഇപ്പോൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഉയര്‍ന്നു കേള്‍ക്കുകയാണ്. എൻഎംആർ റസാഖ് പാലക്കാട് എൽഡിഎഫ് സ്വതന്ത്രനാകുമ്പോൾ താഴെത്തട്ടിൽ നിന്ന് വളർന്നു വന്ന ഒരു സംരംഭകന്റെ ജീവിതവും കാഴ്ചപ്പാടും റാവുത്തർ ബിരിയാണിയുടെ രുചിയും തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് വരുന്നു. പാലക്കാട്ട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻഎംആർ റസാഖുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ഹോട്ടലുടമ തെരഞ്ഞെടുപ്പിലേക്ക് എത്തിയ വഴി
പാലക്കാട്ടില്‍ കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ല. അപ്പോള്‍ ഇവിടെ ഒരു എംഎൽഎ ഉണ്ടാവുക എന്നുള്ളതും പാലക്കാട്ടുകാരനായ ഒരാൾ എംഎൽഎ ആവുക എന്നുള്ളതും അനിവാര്യമായി വന്നിരിക്കുകയാണ്. അങ്ങനെ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. പിന്നെ നമ്മുക്ക് ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടല്ലോ. അതിന്‍റെ ഭാഗമായിട്ട് നമ്മൾ കിട്ടുന്ന അവസരങ്ങളൊക്കെ അതിനുവേണ്ടി വിനിയോഗിക്കാറുണ്ട്. പിന്നെ ഞാൻ പഠിക്കുന്ന കാലത്ത് എസ്എഫ്ഐയുടെ പ്രവർത്തനവും മറ്റുമായിട്ട് പോയിട്ടുള്ള ആളാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒരുപാട് പേരെ പരിഗണിച്ചപ്പോള്‍ എന്നെയും കൂടി പരിഗണിച്ചിരുന്നു.
റാവുത്തർ ബിരിയാണി മാറ്റി മറിച്ച ജീവിതം
ഞാന്‍ ജനിച്ചതും വളർന്നതും എല്ലാം പാലക്കാട് തന്നെയാണ്. പഠിച്ചത് 9-ാം ക്ലാസ് വരെ മാത്രമാണ്. വീട്ടിലെ സാഹചര്യം മൂലം പഠിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ചെറിയ ചെറിയ കച്ചവടങ്ങൾ ചെയ്തിട്ടുണ്ട്. ആക്രി കച്ചവടം ചെയ്തിട്ടുണ്ട്, സൈക്കിളിൽ പച്ചക്കറി കച്ചവടം ചെയ്തിട്ടുണ്ട്, സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് പിന്നീട് പ്രവാസിയായി. ജീവിക്കാനായി പല പല ജോലികള്‍ ചെയ്തു. ബേക്കറിയില്‍ ജോലി ചെയ്തിരുന്നു. 2010-ലാണ് ബിരിയാണിക്കട തുടങ്ങിയത്. അമ്മ നന്നായിട്ട് ഭക്ഷണം ഉണ്ടാക്കും. അങ്ങനെ ഞാനും ഉമ്മയും കൂടിയാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് സഹോദരങ്ങളും ഒപ്പം ചേര്‍ന്നു. 16 വർഷം കൊണ്ട് ഏകദേശം ആറോളം ഹോട്ടലുകള്‍ പാലക്കാടുണ്ട്. റാവുത്തർ ബിരിയാണിയാണ് ഞങ്ങളുടെ സ്പെഷ്യല്‍. പാലക്കാട് ഒരു തമിഴ് കൾച്ചർ ഉണ്ടല്ലോ. അപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഐറ്റമാണിത്.
ഭക്ഷണത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ചയാക്കില്ല
സാമൂഹിക പ്രവർത്തനമോ അല്ലെങ്കിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോ ബിസിനസ്സിനെ സഹായിക്കും എന്ന് കരുതുന്നില്ല. അങ്ങനെ സഹായിക്കുകയും വേണ്ട. കാരണം കച്ചവടം എന്നത് വേറെയാണ്. അത് ഞങ്ങളുടെ അന്നമാണ്, ഉപജീവന മാർഗ്ഗമാണ്. അപ്പോള്‍ രാഷ്ട്രീയം അതിനെ ബാധിക്കരുത് എന്ന് തന്നെയാണ്. പ്രചാരണത്തിന് ഭക്ഷണത്തിന്റെ ഒരു രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ ഞാൻ താല്പര്യപ്പെടുന്നില്ല, കാരണം ഇത് രണ്ടും രണ്ട് വഴിക്ക് തന്നെ പോകേണ്ടതാണ്. പിന്നെ സാമൂഹിക പ്രവർത്തനം എനിക്ക് താല്‍പര്യമുള്ള കാര്യമാണ്. ഞാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അപ്പോള്‍ അത്തരത്തില്‍ പൊതുപ്രവർത്തന രംഗത്ത് ഞാന്‍ സജീവമാണ്.
വിജയം ഉറപ്പ് !
പിഷാരടിയുടെ തൊഴിലോ എന്‍റെ തൊഴിലോ നോക്കേണ്ട. രാഷ്ട്രീയം രാഷ്ട്രീയമായിട്ട് തന്നെ കാണണം. ശരിക്കും കൃത്യമായ പൊളിറ്റിക്കൽ ഫൈറ്റാണ് ഇവിടെ നടക്കുന്നത്. ആ പൊളിറ്റിക്കൽ ഫൈറ്റിംഗിന് അനേകം കാരണങ്ങൾ ഈ പാലക്കാട് ഉണ്ട്. വിജയം 100% സുനിശ്ചിതമാണ്. പാലക്കാട്ടുകാർക്ക് സ്വന്തമായിട്ട് ഒരാളെ കിട്ടിയെന്നുള്ള ആഹ്ളാദം വോട്ടർമാരുടെ ഇടയിലുണ്ട്. ഞാൻ പ്രചരണത്തിൽ പോകുന്ന ഘട്ടങ്ങളിലൊക്കെ അവർ അത് മനസ്സുതുറന്ന് പ്രകടിപ്പിക്കാറുണ്ട്. പാലക്കാട്ടുകാരനായ ഒരു എംഎൽഎ വേണമെന്നുള്ള അവരുടെ അതിയായ ആഗ്രഹത്തിന്റെ സാക്ഷാത്കാരം ഇപ്രാവശ്യം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്.
എംഎല്‍എ ഇല്ലാത്ത പാലക്കാട് !
നിലവിലെ എംഎല്‍എയുടെ അവസ്ഥ കണ്ടില്ലേ? കേസോട് കേസാണ്. ഇവിടെ ഒരു കാര്യങ്ങളും നടപ്പിലാക്കുന്നില്ല. പാലക്കാട്ടില്‍ കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ല. ജയിച്ചാല്‍ സമഗ്രമായ വികസനം പാലക്കാടിനുവേണ്ടി നടപ്പാക്കും. അതിന് കൃത്യമായ അതിന്റെ സർവ്വേ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ഈ ആൾക്കാരുമായി നമ്മൾ ഇൻട്രാക്ട് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സംവിധാനങ്ങൾ നടപ്പാക്കും. തീരെ വികസനം എത്താത്തയിടത്ത് എംഎൽഎ ഫണ്ട് വിനിയോഗിക്കുക, നല്ല പദ്ധതികൾ കൊണ്ടുവരിക അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.
പിഷാരടിയുടെ വരവിനെ കുറിച്ച്?
ഇമ്മാതിരി ഒരു തിരക്കഥ രചിച്ച് അത് ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചാണ് അവർ ജയിച്ചുകൊണ്ടിരുന്നത്. ഇനി അത് വില പോവില്ല. കയ്യിൽ നിന്ന് സീറ്റ് പോകുന്നു എന്നുള്ള ഭീതി കൊണ്ട് മാത്രമാണ് ഇവര്‍ ഇത്തരത്തില്‍ ഓരോ കള്ള കഥകള്‍ പറയുന്നു. പെയ്മെന്‍റ് സീറ്റാണ് എന്നും ചിലര്‍ പറയുന്നുണ്ട്. പിഷാരടിക്ക് കൊടുത്തത് പേയ്മെന്റ് സീറ്റാണോ? യുഡിഎഫ് സ്ഥാനാർത്ഥികളുടെ മുഴുവൻ ലിസ്റ്റ് എടുത്തിട്ട് അതിൽ വ്യവസായികൾ എത്രയുണ്ട്, സാമ്പത്തികമായിട്ടുള്ളവർ എത്രയുണ്ട് എന്ന് അവര്‍ പറയട്ടെ. എല്‍ഡിഎഫിന് പെയ്മെന്‍റ് കൊടുത്ത് ആളെ നിര്‍ത്തേണ്ട ആവശ്യമില്ല. ഇത് അങ്ങനെയൊരു പാര്‍ട്ടിയല്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 5000-ത്തിലധികം വോട്ടിന്റെ വ്യത്യാസമാണ് യുഡിഎഫും എൽഡിഎഫും തമ്മിലുള്ളത്. അതുകൊണ്ട് ഇത്തരം ആരോപണം തള്ളിക്കളയുന്നു.
മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുമോ?
മുഖ്യമന്ത്രി അടക്കമുള്ളവർ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാണാം. എന്തായാലും വിജയ പ്രതീക്ഷയുണ്ട്.
