Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് ഇറങ്ങിയോ? സഹായിച്ചെന്ന് മോൻസൻ പറയുന്ന വിഐപി ആര് ?

വിമാനമിറങ്ങാൻ സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ സഹായിച്ചെന്നും മോൻസൻ അവകാശപ്പെടുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമം.

investigation on monoson mavunkals claim that people came in chartered flight to purchase his antiques
Author
Kochi, First Published Oct 1, 2021, 10:54 AM IST

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) സാമ്പത്തിക തട്ടിപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും(Cochin International Airport). വിമാനത്താവളത്തിലെത്തിയ ചാർട്ടേഡ് വിമാനങ്ങളുടെ പട്ടിക പരിശോധിക്കും. ഖുറാൻ(Quran) വാങ്ങാൻ ഖത്തറിൽ(Qatar) നിന്ന് നാലുപേരെത്തിയിരുന്നു എന്നാണ് മോൻസന്‍റെ മൊഴി, പരാതിക്കാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഈ മൊഴിയുടെ ചുവട് പിടിച്ചാണ് അന്വേഷണം. 

വിമാനമിറങ്ങാൻ സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ സഹായിച്ചെവന്നും മോൻസൻ അവകാശപ്പെടുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമം. ഖത്തറിൽ നിന്നെത്തിയവർക്ക് നൂറ്റാണ്ടുകൾ പഴക്കമുളള ഖുറാൻ നൽകിയെന്നും പണം കിട്ടിയില്ലെന്നുമാണ് മോൻസൻ പരാതിക്കാരോട് പറഞ്ഞത്. 

മോൻസൻ ചില ''പുരാവസ്തുക്കൾ' വിറ്റതായും കണ്ടെത്തൽ. 

പുരാവസ്തുക്കളെന്ന പേരിൽ മോൻസൻ ചില വസ്തുക്കൾ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ രാജീവിനാണ് വിറ്റത്. ഇതിനായി അമ്പത് ലക്ഷം പ്രതിഫലം വാങ്ങിയെന്നും മൊഴിയുണ്ട്. എന്നാൽ ഒട്ടകത്തിന്‍റെ അസ്ഥി കൊണ്ടുണ്ടാക്കിയ കൃത്രിമ ആനക്കൊമ്പായിരുന്നു ഇതും. വ്യവസായിയുടെ പരാതി കിട്ടിയാൽ വ്യാജ പുരാവസ്തുക്കൾ വിറ്റതിനും കേസെടുക്കും. 

സർവ്വത്ര തട്ടിപ്പ്

പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ അഡംബര വാഹനശേഖരത്തിൽ ഏറെയും വ്യാജന്മാർ ആണെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ട്. കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് മോൻസന്‍റെ പേരിലുളളത്. ബാക്കി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തൽ.   

കോട്ടും സൂട്ടും പാപ്പാസുമിട്ട് അത്യാഡംബരവാഹനങ്ങളിൽ കൊച്ചി നഗരത്തിലൂടെ വിലസിയിരുന്ന മോൻസൻ മാവുങ്കലിന്‍റെ കളളക്കളികളാണ് ഒന്നൊന്നായി പൊളിഞ്ഞടുങ്ങുന്നത്. മോൻസൻ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്‍റിന്‍റെ രജിസ്ട്രേഷൻ 2019ൽ അവാസാനിച്ചു. ഹരിയാന രജിസ്ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷുറൻസ് പോലുമില്ല. വരുന്നവരോടെല്ലാം മോൻസൻ തലപ്പൊക്കത്തോടെ പറ‍ഞ്ഞിരുന്ന ലക്സസ് , റേഞ്ച് റോവർ, ടോയോട്ടാ എസ്റ്റിമ എന്നിവയുടെയൊന്നും രേഖകൾ പരിവാഹൻ വെബ് സൈറ്റിൽ കാണാനില്ല. വ്യാജ നമ്പർ പ്ലേറ്റിലാണ് ഇവ കേരളത്തിൽ ഉപയോഗിച്ചതെന്നാണ് നിഗമനം. ഇവയുടെ  യഥാർഥ രജിസ്ട്രേഷൻ നമ്പർ അറിയാൻ  അടുത്ത ദിവസം തന്നെ ചേസിസ് 
നമ്പറും എഞ്ചിൻ നമ്പറും പരിശോധിക്കും. 

എന്നാൽ രാജ്യത്തെ പ്രമുഖ വാഹന ഡിസൈനറായ ദീപക് ഛാബ്രിയ ഡിസൈൻ ചെയ്ത ഫെറാറി ലോഗോ പതിപ്പിച്ച കാർ ഇക്കൂട്ടത്തിലുണ്ടെന്നാണ് മോട്ടോർ വകുപ്പിന്‍റെ റിപ്പോർ‍ട്ടിലുളളത്, മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള ഈ കാറിന് രജിസ്ട്രേഷൻ അനുമതി കിട്ടാതെ വന്നതോടെ നിരത്തിലിറക്കാനായില്ല. ഇതെങ്ങനെ മോൻസന്‍റെ കൈയ്യിലെത്തിയെന്നാണ് പരിശോധിക്കുന്നത്.

ഹരിയാന രജിസ്ട്രേഷനിലുളള പോർഷേ വാഹനം യഥാർഥ പോർഷേ അല്ലെന്നാണ് കണ്ടെത്തൽ,  മിത്സുബുഷി സിഡിയ കാർ രൂപം മാറ്റി പോർഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോൻസൻ അവതരിപ്പിച്ചിരുന്ന ലിമോസിൻ കാർ, മെഴ്സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്. വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാൻ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൊന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലുളളത്. സാമ്പത്തിക തട്ടിപ്പിനുളള കെട്ടുകാഴ്ചകളായി ഈ ആക്രിക്കാറുകളെയും മോൻസൻ ഉപയോഗിച്ചെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios