പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐ പി എസ്സിന്‍റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവസ്ഥലം സന്ദർശിച്ചത്. വാളയാറിൽ പുനർവിചാരണയെന്ന ഹൈക്കോടതി വിധിക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്. സിബിഐ അന്വേഷണത്തിന് വിട്ടെങ്കിലും അതിനുമുമ്പുളള നടപടികൾ പൂർത്തിയാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് സംഘത്തിന്. 

അന്വേഷണം ഏറ്റെടുക്കുന്നതായി നേരത്തെ തന്നെ സംഘം വിചാരണകോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ്  ചുമതലയുളള റെയിൽവെ എസ് പി നിശാന്തിനി, കോഴിക്കോട് ഡിസിപി ഹേമലത, പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി രാജു എന്നിവരുടെ സംഘം വാളയാ‍ർ അട്ടപ്പളളത്തെ വീട്ടിലെത്തിയത്.  കുട്ടികൾ  മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ സംഘം സന്ദർശനം നടത്തി. 

സമര സമിതി നേതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.  പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം വാളയാറിലെത്തിയത്. നേരത്തെ കേസന്വേഷിച്ച  ഡിവൈഎസ്പി സോജന്‍ ഉൾപ്പടെയുളളവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. ഇവ‍ർക്ക് ഐക്യദാർഡ്യമർപ്പിച്ച് പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നിരാഹാരസമരവും രണ്ടുനാൾ പിന്നിട്ടു.