അമേരിക്കയുമായി ചർച്ചകൾ അസാധ്യമല്ലെന്ന് ഇറാൻ സൂചന നൽകി, എന്നാൽ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രിയുടെ സന്ദർശനം സംഘർഷ ലഘൂകരണത്തിന് വഴിയൊരുക്കുമ്പോൾ, ഹോർമൂസ് കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചത് പുതിയ വഴിത്തിരിവായി.
ദുബൈ: അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. അമേരിക്കയുമായി ചർച്ചകൾ അസാധ്യമല്ലെന്നും എന്നാൽ സമ്മർദം ഫലിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾക്ക് സാധ്യതയൊരുങ്ങുന്നത്. അതിനിടെ, മൈനുകൾ നീക്കം ചെയ്ത് ഹോർമൂസ് തുറന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഇറാനും ഒമാനും ചേർന്ന് താൽക്കാലിക പാത തുറക്കാനിരിക്കെയാണ്, അന്താരാഷ്ട്ര പാത തുറന്നെന്ന അമേരിക്കയുടെ പ്രഖ്യാപനം.
ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം സംഘർഷത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ചർച്ചകൾ പുനരാരംഭിക്കുക അസാധ്യമല്ല എന്ന ഇറാൻ വിദേശകാര്യമന്ത്രി സംശയങ്ങൾക്ക് ഇടയില്ലാത്ത വിധമാണ് പറഞ്ഞിരിക്കുന്നത്. സമ്മർദം ഫലിക്കില്ലെന്നും ബഹുമാനവും ഇറാന്റെ അവകാശങ്ങളെ അംഗീകരിക്കുയുമാണ് വേണ്ടതെന്ന് കൂടി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. നേരത്തെ ഒപ്പിട്ട സമാധാന ധാരണ തുടരാനാണ് താൽപര്യമെന്ന് ഇറാൻ പ്രസിഡന്റും പറഞ്ഞിട്ടുണ്ട്.
അതിനിടെ ഹോർമൂസിന്റെ കാര്യത്തിൽ ഇറാനും ഒമാനും ചേർന്ന് താൽക്കാലിക പാത തുറക്കാനിരിക്കെ ഒരു മുഴം മുന്നെ എറിഞ്ഞു അമേരിക്കൻ സെൻട്രൽ കമാൻഡ്. മൈനുകൾ നീക്കം ചെയ്തു. അന്താരാഷ്ട്ര പാത തുറന്നെന്നാണ് പുതിയ അറിയിപ്പ്. 1500 കപ്പലുകൾക്ക് അകമ്പടി നൽകിയെന്നും 75 കോടി ബാരൽ എണ്ണ ഹോർമൂസ് കടന്നു പോയെന്നും അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഹോർമൂസിൽ ഇറാന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ് ഈ നീക്കം.
