അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്ന് ചില ഉന്നതോദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കരട് റിപ്പോര്‍ട്ടെന്നാവര്‍ത്തിക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ്.ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ പ്രതിപക്ഷ തര്‍ക്കം തുടരുന്നതിനിടെ പുറത്തു വന്നത് കരട് റിപ്പോര്‍ട്ടല്ല അന്തിമറിപ്പോര്‍ട്ട് തന്നെയെന്ന വാദവും ശക്തം. അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്ന് ചില ഉന്നതോദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കരട് റിപ്പോര്‍ട്ടെന്നാവര്‍ത്തിക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ പുറത്ത് പറയുന്നത് നിയമവിരുദ്ധമാണ്. കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്നാവര്‍ത്തിച്ച് പറഞ്ഞാണ് ഇന്നലെ മന്ത്രി തോമസ് ഐസക്ക് സിഎജിയെ വിമര്‍ശിച്ചത്. എന്നാല്‍ ഇത് കരട് റിപ്പോര്‍ട്ടല്ല സിഎജിയുടെ അന്തിമറിപ്പോര്‍ട്ടാണെന്ന് ആദ്യം പറഞ്ഞത് രാഷ്ട്രീയനിരീക്ഷകനായ ജോസഫ് സി മാത്യൂവാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഐടി ഉപദേഷ്ടാവ് കൂടിയായിരുന്ന ജോസഫ് സി മാത്യു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് ചില ഉന്നതോദ്യോഗസ്ഥരും പറയുന്നു. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ ഓരോ വാചകത്തിലും കരട് റിപ്പോര്‍ട്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ധനമന്ത്രി ഇത് അന്തിമറിപ്പോര്‍ട്ടാണെന്ന വാദം തള്ളിക്കളഞ്ഞിട്ടുമില്ല. സിഎജി യുടെ കരട് റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാരിന് കിട്ടിയിരുന്നു. അതിന് ധനവകുപ്പ് മറുപടിയും കൊടുത്തു.

അന്ന് കരട് റിപ്പോര്‍ട്ടിലില്ലാത്ത പല ഗൗരവവിഷയങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ വന്നതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് വിവരം.അങ്ങനെയെങ്കില്‍ നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് പുറത്ത് പറഞ്ഞെന്ന ആരോപണത്തിനൊപ്പം അന്തിമറിപ്പോര്‍ട്ട് മറച്ച് വച്ച് കരട് റിപ്പോര്‍ട്ടെന്ന് കള്ളം പറഞ്ഞെന്ന വിമര്‍ശനവും തോമസ് ഐസക്ക് നേരിടേണ്ടി വരും.