പാലക്കാട്: ജനാധിപത്യസംവിധാനത്തില്‍ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍.  കേന്ദ്രവും - സംസ്ഥാനവും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള എല്ലാ കേസുകളും തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. അത് അന്തിമമായി സുപ്രീംകോടതി തീരുമാനിക്കും. 

പാർലമെന്‍റും സംസ്ഥാന നിയമസഭയും ചെയ്യേണ്ട കാര്യങ്ങൾ രണ്ടും രണ്ടാണ്. അതിരുകള്‍ മാനിച്ച് ഇരുസഭകളും പരസ്പരം അധികാരപരിധി ലംഘിക്കാന്‍ പാടില്ല. അതിൽ ഇരുസഭകളും തമ്മിൽ ഇടപെടാനും പാടില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസ്ഥാന നിയമസഭയ്ക്ക് തീരുമാനിക്കാവതല്ല. അത് തീരുമാനിക്കേണ്ടത് കേന്ദ്രം മാത്രമാണ്. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുണ്ടെങ്കിൽ, അതേക്കുറിച്ച് ഒരു പ്രമേയം പാസ്സാക്കാൻ ഉദ്ദേശിക്കുന്നു എന്നുണ്ടെങ്കിൽ, ഇപ്പോഴുള്ള നിയമം സസ്പെൻഡ് ചെയ്യണമായിരുന്നു. ആ നിയമം സംസ്ഥാനത്ത് സസ്പെൻഡ് ചെയ്ത ശേഷം പ്രമേയം പാസ്സാക്കണമായിരുന്നു. അതല്ലാതെ ചെയ്തത് ഭരണഘടനാ വിരുദ്ധമാണ് - ഗവര്‍ണര്‍ വ്യക്തമാക്കി. 

ഭരണഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് എന്‍റെ ജോലി. അതു താന്‍ നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. ജനാധിപത്യത്തില്‍ എല്ലാവരും പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങണം. രാജ് ഭവന് മുന്നില്‍ പ്രതിഷേധത്തിനെത്തിയവരെയെല്ലാം താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അവരാരും വന്നില്ല - ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു. 

ഞാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയല്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമോ അഭിപ്രായ ഭിന്നതയോ ഉണ്ടാവുകയോ എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുകയോ ചെയ്താല്‍ അതു ഗവര്‍ണറെ അറിയിക്കണം. പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും. എന്ത് തര്‍ക്കങ്ങളുണ്ടായാലും  ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്ന് അതെല്ലാം പരിഹരിക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.