Asianet News MalayalamAsianet News Malayalam

'സെൻകുമാറിനെ ഡിജിപിയാക്കിയത് ഞാൻ ചെയ്ത പാതകം', തുറന്നു പറഞ്ഞ് ചെന്നിത്തല

'അത് എനിക്ക് പറ്റിയ ഒരു പാതകമാണ്. മഹേഷ് കുമാർ സിംഗ്ല ആയിരുന്നു ഡിജിപി ആകേണ്ടത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണ്', എന്ന് കൈ കൂപ്പി ചെന്നിത്തല. 

it was a mistake to make tp senkumar dgp says ramesh chennithala
Author
Thiruvananthapuram, First Published Jan 8, 2020, 12:26 PM IST

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്ന് മഹേഷ് കുമാർ സിംഗ്‍ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു. 

''ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെൻകുമാറിനെ ഡിജിപിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്‍റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു''വെന്ന് ചെന്നിത്തല.

''മഹേഷ് കുമാർ സിംഗ്ല എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ്'', എന്ന് ചെന്നിത്തല.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഡിജിപിയായിരുന്ന സെൻകുമാറിനെ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ സ്ഥാനത്ത് നിന്ന് മാറ്റിയതും അതിനെതിരെ നടന്ന നിയമപോരാട്ടങ്ങളും, ഒടുവിൽ കുറച്ചുകാലത്തേക്ക് സെൻകുമാർ വീണ്ടും ഡിജിപി പദവിയിലെത്തിയതും, കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങളുണ്ടാക്കിയ വിവാദങ്ങളായിരുന്നു. 

അതിന് ശേഷവും സെൻകുമാർ സമർത്ഥനായ ഉദ്യോഗസ്ഥനാണെന്നാണ് തന്‍റെ അനുഭവമെന്നാണ് ചെന്നിത്തല തന്നെ ഒരിക്കൽ പ്രശംസിച്ചിട്ടുള്ളത്. എന്നാൽ സംഘപരിവാറുമായി ചായ്‍വുള്ള തരത്തിൽ സെൻകുമാർ നിലപാട് വ്യക്തമാക്കാൻ തുടങ്ങിയതോടെ തീവ്ര വലതുപക്ഷത്തിന്‍റെ ചട്ടുകമാകരുത് സെൻകുമാറെന്ന് ചെന്നിത്തല ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോൾ ബിജെപിയിൽ സജീവ പ്രവർത്തനം നടത്തുന്ന, ശബരിമല കർമസമിതിയുടെ ദേശീയ തലത്തിലുള്ള നേതാവായ സെൻകുമാറിനെതിരെ തുറന്ന പരിഹാസവും വിമർശനവും നടത്തുകയാണ് ചെന്നിത്തല. 'അതൊരു തെറ്റായിരുന്നു, പറ്റിപ്പോയി' എന്ന തുറന്നുപറച്ചിലിലൂടെ. 

വീഡിയോ കാണാം:

Follow Us:
Download App:
  • android
  • ios