കൊച്ചി: എറണാകുളം മുളന്തുരുത്തി മാർതോമന്‍ ചെറിയ പള്ളിയിൽ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ  ഓർത്തഡോക്സ് വിഭാഗം എത്തി. പള്ളിക്കകത്ത് യാക്കോബായ വിഭാഗം സംഘടിച്ച് പ്രാര്‍ത്ഥന നടത്തുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിക്ക് മുന്നിലേക്ക് എത്തിയ ഓര്‍ത്തഡോക്സ് വിശ്വാസികളെ അകത്തേക്ക് കയറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് യാക്കോബായ വിശ്വാസികള്‍. പള്ളിയുടെ ഗേറ്റ് അടച്ച് വിശ്വാസികളെ പ്രതിരോധിക്കുകയാണ് യാക്കോബായ വിശ്വാസികള്‍. 

നൂറുകണക്കിന് വിശ്വാസികള്‍ പള്ളിക്ക് അകത്തും പുറത്തുമായി തമ്പടിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.കോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും അധികാരികള്‍ വേണ്ടത് ചെയ്യണമെന്നുമാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. മലങ്കസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു 2017 ജൂലായ് 3ലെ സുപ്രീംകോടതി വിധി.