തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗി ജോണിന്‍റെ മരണത്തിൽ വ്യക്തത തേടി പൊലീസ്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള ക്ഷതവും അത് ഉണ്ടാക്കിയ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോര്‍ട്ട്. പുറമേക്ക് രക്തമൊഴുകിയ പാടില്ല. കാര്യമായ മറ്റ് പരിക്കുകളും ശരീരത്തിൽ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ മരണ കാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്. 

മൃതദേഹം കണ്ടെത്തിയ തിരുവനന്തപുരം കുറവൻകോണത്തുള്ള വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വിശദമായി പരിശോധിച്ചു.പോസ്റ്റുമോര്‍ട്ടം നടപടികളെല്ലാം പൊലീസ് വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കുഴ‍ഞ്ഞു വീണതാണോ അതോ ആരെങ്കിലും ബലംപ്രയോഗിച്ച് തള്ളിയിട്ടതാണോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. 

പാചകത്തിനുള്ള ഒരുക്കങ്ങൾ നടന്നിരുന്നതായാണ് അടുക്കളയിൽ നടന്ന പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. ഉള്ളി അരിഞ്ഞു വച്ച നിലയിലായിരുന്നു. പ്രായം ചെന്ന അമ്മയ്ക്ക് ഒപ്പമാണ് ജാഗി ജോൺ താമസിച്ചിരുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന പ്രകൃതം കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് മനസിലാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

വാട്സ്ആപ്പ് അടക്കം ജാഗി ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആന്തരികാവയവങ്ങൾ വിശദ പരിശോധനക്ക് അയച്ചതിന്‍റെ ഫലവും പൊലീസ് കാത്തിരിക്കുകയാണ്. 

തുടര്‍ന്ന് വായിക്കാം: അവതാരകയും ഗായികയുമായ ജാഗീ ജോൺ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ...

സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം. വീട്ടിലെ അടുക്കളയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടെലിവിഷൻ പരിപാടികളിലും യു ട്യൂബ് കുക്കറി ഷോകളിലുമെല്ലാം തിളങ്ങിനിന്ന ജാഗിക്ക് നിരവധി ആരാധകരുണ്ട്.