Asianet News MalayalamAsianet News Malayalam

'ജയിലിൽ ഭീഷണിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ കഴമ്പില്ല'; ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി

ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. 

jail dig report about swapna suresh allegation
Author
Thiruvananthapuram, First Published Dec 11, 2020, 11:10 AM IST

തിരുവനന്തപുരം: സ്വപ്നയ്ക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്ട്. ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. ജയിൽ ഡിഐജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് ജയിൽ മേധാവി സർക്കാരിന് കൈമാറുക. 

സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയിൽ സ്വപ്ന പരാതിയായി എഴുതി നൽകിയത്. രഹസ്യമൊഴി നൽകിയതിനാൽ ജയിലിൽ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു. എന്നാൽ സ്വപ്ന കോടതിയെ അറിയിച്ച കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. 

ഒക്ടോബർ 14ന് സ്വപ്നയെ ജയിലിലെത്തിച്ചത് മുതൽ നവംബർ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ജയിൽ ഡിഐജി അജയകുമാർ പരിശോധിച്ചു. കസ്റ്റംസ്, ഇഡി, വിജിലൻസ് ഉദ്യോഗസ്ഥരും അമ്മയും ഭർത്താവുമുൾപ്പടെ 5 ബന്ധുക്കളും മാത്രമാണ് ഈ സമയം സ്വപ്നയെ ജയിലിൽ വന്ന് കണ്ടിട്ടുള്ളത്. 

ഒരു പ്രാവശ്യം മാത്രമാണ് അമ്മയെ ഫോൺ ചെയ്തിട്ടുള്ളത്. എല്ലാം ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാരും അനാവശ്യമായി സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ഡിഐജിയുടെ റിപ്പോർട്ട്. 

സ്വപ്നയോടും കോടതിയിൽ നൽകിയ അപേക്ഷയെ കുറിച്ച് ഡിഐജി ചോദിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനാകില്ല എന്നത് കൊണ്ട് ഈ വിശദീകരണം റിപ്പോർട്ടിൽ ഉൾപ്പെടുത്താനാകില്ല. സ്വപ്നയുടെ ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്ന് റിപ്പോ‍ർട്ട് നൽകിയ ജയിൽ ഡിഐജിയാണ് ഭീഷണിയിലും അന്വേഷണം നടത്തിയത്.

Follow Us:
Download App:
  • android
  • ios