ജലീലിന്റെ നിയമസഭ കയ്യാങ്കളി പരാമർശം; 'ജലീൽ പറഞ്ഞത് ജലീലിന്റെ അഭിപ്രായം'; അതൃപ്തി പ്രകടിപ്പിച്ച് ശിവൻകുട്ടി
മുന്നണിയുടെ കൂട്ടായ തീരുമാനത്തെ തള്ളിപ്പറയുന്നതല്ലേ പരാമർശം എന്നും ചൂണ്ടിക്കാണിച്ച ശിവൻകുട്ടി അതൊക്കെ പറയുന്ന ആൾ നിശ്ചയിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി അബദ്ധമായിപ്പോയെന്ന കെ ടി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ഒട്ടും ശരിയല്ലെന്നും കോടതി പരിഗണിക്കുന്ന കാര്യത്തിൽ വിധി പറയാനാകില്ലെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജലീൽ പറഞ്ഞത് ജലീലിന്റെ അഭിപ്രായമാണ്. മുന്നണിയുടെ കൂട്ടായ തീരുമാനത്തെ തള്ളിപ്പറയുന്നതല്ലേ പരാമർശം എന്നും ചൂണ്ടിക്കാണിച്ച ശിവൻകുട്ടി അതൊക്കെ പറയുന്ന ആൾ നിശ്ചയിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
നിയമസഭാ കയ്യാങ്കളി കേസിൽ സിപിമ്മിനെ വെട്ടിലാക്കിക്കൊണ്ടായിരുന്നു ജലീലിന്റെ നിലപാട്. സ്പീക്കറുടെ കസേര തള്ളിയിട്ടത് തെറ്റായിപ്പോയെന്നായിരുന്നു ഫേസ്ബുക്ക് കമന്റിൽ ജലീൽ വ്യക്തമാക്കിയത്. വിദ്യാർത്ഥി കൂടിയായ ഒരാൾ ഫേസ്ബുക്കിലിട്ട കമന്റിന് മറുപടിയായിട്ടായിരുന്നു ജലീലിന്റെ പ്രതികരണം. ഈ കമന്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് ഈ പരാമർശത്തിന് മറുപടിയുമായി വി ശിവൻകുട്ടി രംഗത്തെത്തിയിരിക്കുന്നത്.