Asianet News MalayalamAsianet News Malayalam

ജവാന്‍ റമ്മിന്‍റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കില്ല; വിശദമായ സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം തീരുമാനം

പൊലീസ്, എക്സൈസ്, ബിവറേജ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ  സംഘം സ്റ്റോക്ക് പരിശോധിക്കും. ഇതിനു ശേഷമേ ഈ വിഷയത്തിൽ തീരുമാനം ആവുകയുള്ളൂ.

jawan rum production wont start today will evaluate stock first
Author
Thiruvalla, First Published Jul 5, 2021, 12:02 PM IST

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യം ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പൊലീസ്, എക്സൈസ്, ബിവറേജ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ  സംഘം സ്റ്റോക്ക് പരിശോധിക്കും. ഇതിനു ശേഷമേ ഈ വിഷയത്തിൽ തീരുമാനം ആവുകയുള്ളൂ. നേരത്തെ ജവാന്‍ മദ്യ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അറിയിച്ചതിനേത്തുടര്‍ന്ന് ജോലിക്ക് എത്തിയ തൊഴിലാളികൾ തിരികെപോയി. രാവിലെ ഒരു മണിക്കൂർ പഴയ സ്റ്റോക്ക് കുപ്പികളിലാക്കുന്ന ജോലി നടന്നെങ്കിലും നിർത്തിവയ്ക്കാൻ കെ എസ് ബി സി നിർദേശിക്കുകയായിരുന്നു. സ്ഥാപനത്തിലെ ഡെപ്യൂട്ടി പ്രൊഡക്ഷൻ മാനേജർ സ്ഥാനത്ത് നിന്ന് വിരമിച്ച ജോർജ് ഫിലിപ്പിനാണ് മദ്യ ഉത്പാദനത്തിൻ്റെ താത്കാലിക ചുമതല.

ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി ഇന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്. നിലവിലെ അന്വേഷണം ഉദ്യോഗസ്ഥൻ സ്ഥലം മാറിയതോടെ റിമാൻറിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതും നാളത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് എസ്എച്ച്ഒ സ്ഥലം മാറിയതിനെ തുടർന്നാണ് ഇത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് പഠിച്ചതിന് ശേഷമാകും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക. സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് മദ്യനിര്‍മാണം നിലച്ചത്.

സ്പിരിറ്റ് കടത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജർ മേഘാ മുരളി എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.  കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്.

കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോ‍ഡ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദേശം നൽകിയത്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios