ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തുടർച്ചയായി വിമർശിച്ചാണ് ജയനാഥൻ കത്ത് നൽകുന്നത്. അടൂർ പൊലീസ് ക്യാന്‍റിനിലെ അഴിമതി തുറന്നു പറഞ്ഞതിന് ഡിഐജി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. 

തിരുവനന്തപുരം: ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി കെഎപി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് ജയനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സേനാ അംഗങ്ങളുടെ വിന്യാസത്തിൽ ഡിജിപിയുടെ ഉത്തരവ് ലംഘിക്കാൻ ഡിഐജി പി പ്രകാശ് നിർബന്ധിച്ചുവെന്നാണ് ആരോപണം. സേന അംഗങ്ങൾക്ക് പണം നൽകിയില്ലെന്ന് വിമർശിച്ചുള്ള മുൻ കത്തിന് ചോദിച്ച വിശദീകരണത്തിലാണ് ഡിഐജിയെ വീണ്ടും കുറ്റപ്പെടുത്തുന്നത്.

ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തുടർച്ചയായി വിമർശിച്ചാണ് ജയനാഥൻ കത്ത് നൽകുന്നത്. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ ആസൂത്രണമില്ലാതെ സേന വിന്യാസം നടത്തി. പൊലീസുകാർക്ക് പണവും വാഹനങ്ങളുമൊന്നും നൽകിയില്ലെന്ന് കാണിച്ചായിരുന്നു ജയനാഥന്റെ പഴയ കത്ത്. ആരോപണങ്ങൾ തള്ളി വിശദീകരണം ചോദിച്ച ഡിഐജി പ്രകാശിനെ തന്നെ വീണ്ടും വിമർശിച്ചാണ് ജയനാഥിൻ്റെ മറുപടി. ഡിജിപിയുടെ ഉത്തരവ് പ്രകാരമേ പൊലീസുകാരെ പുനർവിന്യസിക്കാവൂ എന്ന ചട്ടം ലംഘിക്കാൻ ഡിഐജി പി പ്രകാശ് തന്നോട് പലതവണ ആവശ്യപ്പെട്ടു എന്നാണ് ജയനാഥന്‍റെ ആരോപണം. ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വീണ്ടും ഡിഐജി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും ജയനാഥൻ ആരോപിക്കുന്നു. 

ആവശ്യം അനുസരിക്കാതെ വന്നതോടെ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയെന്നും ജയനാഥൻ പറയുന്നു. അടൂർ പൊലീസ് ക്യാന്‍റിനിലെ അഴിമതി തുറന്നു പറഞ്ഞതിന് ഡിഐജി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. നേരത്തെ സ്വന്തം പൈസക്ക് കൊവിഡ് വാരിയർ മെഡൽ വാങ്ങണമെന്ന ഡിജിപിയുടെ ഉത്തരവിനെയുെ ജയനാഥൻ കുറ്റപ്പെടുത്തിയിരുന്നു. ജയനാഥിനെതിരെ സർക്കാർ വകുപ്പ തല അന്വേഷണവും നടക്കുന്നതിനിടെയാണ് വീണ്ടും വിമർശനം തുടരുന്നത്.